സ്പുട്‌നിക് 5 ഇന്ത്യയിലും ഉത്പാദിപ്പിക്കാന്‍ റഷ്യ

മോസ്‌കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് 5 ഇന്ത്യയിലും ചൈനയിലും ഉത്പാദിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ബ്രിക്‌സ് രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ വാക്‌സിന്‍ ഗവേഷണ കേന്ദ്രങ്ങളുടെ നിർമ്മാണം വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്പുട്നിക്ക് ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ ആലോചനയുണ്ടെന്ന റഷ്യന്‍ പ്രസിഡന്റിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ പ്രതികരിക്കാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. തങ്ങളുടെ വാക്സിന്‍ പരീക്ഷണ ഘട്ടങ്ങളെല്ലാം പൂര്‍ത്തിയാക്കിയതാണെന്ന് റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.അതിനിടെ രണ്ടാം ഘട്ട പരീക്ഷണത്തിനായി സ്പുട്നിക് അടുത്തയാഴ്ച ഇന്ത്യയിലെത്തും. കാണ്‍പൂര്‍ ഗണേശ് ശങ്കര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജില്‍ അടുത്തയാഴ്ച വാക്‌സിനെത്തും. മനുഷ്യരിലെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്കായാണ് വാക്‌സിന്‍ എത്തിക്കുന്നത്. 180 പേരാണ് പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചിട്ടുള്ളത്.

ലോകത്തെ ആദ്യ കോവിഡ് പ്രതിരോധ വാക്‌സിന്‍ തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി ഓഗസ്റ്റിലാണ് റഷ്യ പ്രഖ്യാപിക്കുന്നത്. വലിയ അളവില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പേയാണ് റഷ്യ വാക്‌സിന്റെ രജിസ്‌ട്രേഷന്‍ നടത്തിയത്. ഇടക്കാല പരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വാക്‌സിന്‍ 92 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി റഷ്യ അവകാശവാദമുന്നയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →