തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ വിരമിക്കല്‍ പ്രായം 60 ആക്കിയതിന് പിന്നില്‍ വിരമിച്ച ഉദ്യോഗസ്ഥയെ നിലനിര്‍ത്താനാണെന്ന് ആരോപണം. മുന്‍കാല പ്രാബല്ല്യത്തോടെ വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിച്ചത് കേരള സര്‍വ്വകലാശാല സിന്‍റിക്കേറ്റിന്‍റെ അപൂര്‍വ്വ നടപടിയെന്നും ആരോപിക്കുന്നു. മാര്‍ച്ചില്‍ വിരമിച്ച ഉദ്യോഗസ്ഥക്കായി അന്നുമുതല്‍ പ്രബല്ല്യത്തോടെ വിരമിക്കല്‍ പ്രായം 60 ആക്കുകയായിരുന്നു . നിലവില്‍ 58 ആണ് വിരമിക്കല്‍ പ്രായം.
കേരള സര്‍വ്വകലാശാലയുടെ കീഴിലുളള പോപ്പുലേഷന്‍ റിസര്‍ച്ച് സെന്‍ററില്‍ നിന്നും മാര്‍ച്ചില്‍ വിരമിച്ച പ്രതിമാസം ഒരുലക്ഷം രൂപ ശമ്പളം പറ്റിയിരുന്ന റിസര്‍ച്ച് ഓഫീസര്‍ക്കുവേണ്ടിയാണ് ഈ വഴിവിട്ട നീക്കം. കേന്ദസര്‍ക്കാരിന്‍റെ പൂര്‍ണ്ണസാമ്പത്തിക സഹായത്തിലാണ് പോപ്പുലേഷന്‍ റിസര്‍ച്ച് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. അതത് സംസ്ഥാനങ്ങളിലെ സേവന വേതന ഘടനയും വിരമിക്കല്‍ പ്രായവും സംസ്ഥാന സര്‍ക്കാരിന് സമാനമാണ്. അത് അവഗണിച്ചാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്തിയത്.
സേവന വേതന വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂട്ടിയുളള അനുമതി ആവശ്യമാണ്. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നതും വിരമിച്ച ഉദ്യോഗസ്ഥക്ക് പുനര്‍ നിയമനം നല്‍കുന്നതും ചട്ടവിരുദ്ധമാണെന്ന് സര്‍വ്വകലാശാല ഭരണ ധനകാര്യ വിഭാഗങ്ങള്‍ നിലപാടെടുത്തിരുന്നു. ഈ സെന്ററിലെ നിരവധി ജീവനക്കാര്‍ പെന്‍ഷന്‍ പ്രായവര്‍ദ്ധനവില്ലാതെ വിരമിച്ചിട്ടുണ്ട് . പെരുമാറ്റചട്ടം നിലവിലുളളപ്പോള്‍ ചട്ടവിരുദ്ധ ഉത്തരവിറക്കിയതും വിവാദമായിട്ടുണ്ട്.