ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ സൃഷ്ടിക്കപ്പെട്ടത് 160 ടണ്‍ ബയോമെഡിക്കല്‍ മാലിന്യമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്കനുസരിച്ച് മാര്‍ച്ച് മുതല്‍ ജൂലൈ വരെ കേരളത്തിലുണ്ടായ ബയോമെഡിക്കല്‍ മാലിന്യത്തിന് തുല്യമാണ് കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ബീഹാറിലുണ്ടായത്. ഉപയോഗിച്ചുപേക്ഷിക്കപ്പെട്ട കൈയുറകള്‍, മുഖാവരണങ്ങള്‍, ഒഴിഞ്ഞ സാനിറ്റൈസര്‍ കുപ്പികള്‍ തുടങ്ങിയവയാണ് ബീഹാറിലെ ബയോമെഡിക്കല്‍ മാലിന്യത്തില്‍ കൂടുതലും
എല്ലാ ജില്ലകളിലും ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ (ബിഎംഡബ്ല്യു) നീക്കംചെയ്യല്‍ ഏജന്‍സി ഉണ്ട്. ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ആശുപത്രികളില്‍ നിന്നും ബിഎംഡബ്ല്യു മാലിന്യം നീക്കം ചെയ്യും. പക്ഷേ പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് ഏജന്‍സി അവ ശേഖരിക്കില്ലെന്നതാണ് വെല്ലുവിളിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീനിവാസ് പറഞ്ഞു. പക്ഷെ ഇപ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. സംസ്ഥാനം പുതുതായി നിയോഗിച്ച തൊഴിലാളികള്‍ മാലിന്യം ശേഖരിച്ച് തരം തിരിക്കും. തുടര്‍ന്ന് അവ ഏജന്‍സിക്ക് നല്‍കാനാണ് ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കായി 18 ലക്ഷം ഫെയ്സ് ഷീല്‍ഡ്, 70 ലക്ഷം മുഖാവരണം, 5.4 ലക്ഷം റബ്ബര്‍ കൈയുറ എന്നിവ നല്‍കിയിരുന്നു. വോട്ടര്‍മാര്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ വിരലമര്‍ത്തുമ്പോള്‍ സുരക്ഷയ്ക്കായി ഒറ്റക്കൈയില്‍ മാത്രം ഉപയോഗിക്കുന്ന 7.21 കോടി പോളിത്തീന്‍ കൈയുറകളും നല്‍കി. നൂറ് മില്ലീലിറ്റര്‍, അര ലിറ്റര്‍ എന്നിവയുടെ 29 ലക്ഷം സാനിറ്റൈസര്‍ കുപ്പികളും വാങ്ങിയിരുന്നു. മൂന്നുഘട്ടങ്ങളിലായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. ആരോഗ്യപരമായ അപകടങ്ങള്‍ കണക്കിലെടുത്ത് ബയോമെഡിക്കല്‍ മാലിന്യങ്ങളുള്ള വാഹനങ്ങള്‍ ട്രാക്കുചെയ്യാനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുപോകുമ്പോള്‍ ഉപയോഗിച്ചിരുന്ന ആപ്പാണ് ഉപയോഗിക്കുന്നതെന്നും ബീഹാര്‍ സിഇഒ വിശദീകരിച്ചു.

