ന്യൂഡൽഹി: ബീഹാറിലെ തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ്സ് നേതൃത്വത്തെ നിശിതമായി വിമർശിച്ച് കപിൽ സിബൽ . കോൺഗ്രസിനെ ഒരു ബദലായി ഇന്ത്യൻ ജനത ഇന്ന് കണക്കാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മത്സരിച്ച തെരഞ്ഞെടുപ്പിലെല്ലാം കോണ്‍ഗ്രസ് തോറ്റു. ജനം പാര്‍ട്ടിയെ ബദല്‍ ആയി കാണുന്നില്ല. എല്ലാത്തിനുമുപരി, ബീഹാറിലെ ബദല്‍ ആര്‍.ജെ.ഡിയായിരുന്നു. നോമിനേറ്റഡ് ചെയ്യപ്പെട്ട നേതാക്കള്‍ കോണ്‍ഗ്രസിനെ തിരുത്തുമെന്ന് കരുതുന്നില്ല” കപില്‍ സിബല്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പുകളിലും പാർടിയുടെ പ്രകടനം ദയനീയമായിരുന്നു. ഗുജറാത്തില്‍ നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തോറ്റു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും പാര്‍ട്ടിക്ക് ഗുജറാത്തിൽ കിട്ടിയില്ല. ഉത്തര്‍പ്രദേശിലെ ചില നിയോജകമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ട് 2 ശതമാനത്തില്‍ താഴെയാണ്.
” കോണ്‍ഗ്രസ് ആത്മപരിശോധന നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ്” പാര്‍ട്ടിയിലെ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞത്. ആറു വര്‍ഷമായി കോണ്‍ഗ്രസ് ആത്മപരിശോധന നടത്തിയിട്ടില്ലെങ്കില്‍ ഇപ്പോള്‍ നടത്തുന്ന ആത്മപരിശോധനയ്ക്ക് എന്ത് പ്രസക്തിയാണുള്ളത്? അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന്റെ കുഴപ്പം എന്താണെന്ന് നമുക്കറിയാം. സംഘടനാപരമായും എന്താണ് തെറ്റെന്ന് ഞങ്ങള്‍ക്കറിയാം. അതിനുള്ള പരിഹാരവും ഞങ്ങളുടെ പക്കലുണ്ട്. എന്നാല്‍ ആ ഉത്തരങ്ങള്‍ തിരിച്ചറിയാന്‍ അവര്‍ തയ്യാറല്ല. അവരത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഗ്രാഫ് പിന്നെയും താഴ്ന്നുകൊണ്ടിരിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.പാര്‍ട്ടിയില്‍ പ്രതികരിക്കാന്‍ വേദികളില്ലാത്തതിനാലാണ് താന്‍ ആശങ്ക പരസ്യമാക്കിയതെന്നും സിബല്‍ വ്യക്തമാക്കി.

