ന്യൂ ഡൽഹി: ജൈനാചാര്യൻ ശ്രീ വിജയ് വല്ലഭ് സുരീശ്വർ ജി മഹാരാജിന്റെ 151-മത് ജന്മ വാർഷിക ദിനത്തിൽ, അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം നിർമ്മിച്ച ‘സമാധാന പ്രതിമ’ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ അനാച്ഛാദനം ചെയ്തു. ചെമ്പ് പ്രധാനഘടകമായി 8 ലോഹങ്ങൾ ചേർത്താണ് 151 ഇഞ്ച് ഉയരമുള്ള പ്രതിമ നിർമ്മിച്ചിരിക്കുന്നത്. രാജസ്ഥാനിലെ പാലിയിൽ ജത്പുരയിൽ ഉള്ള വിജയ് വല്ലഭ് സാധനാ കേന്ദ്രത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ജൈനാചാര്യനും ചടങ്ങിൽ പങ്കെടുത്ത ആത്മീയ നേതാക്കൾക്കും പ്രധാനമന്ത്രി ആദരം അർപ്പിച്ചു. സമാധാനം, അഹിംസാ,സൗഹൃദം എന്നിവയുടെ പാതയാണ് ഇന്ത്യ എപ്പോഴും സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകം സമാന മാർഗ ദർശനത്തിനായി ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. ആവശ്യം വരുമ്പോഴെല്ലാം സമൂഹത്തെ നയിക്കാനായി ഒരു സന്യാസിവര്യൻ ആവിർഭവിക്കാറുള്ളതായി ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ആചാര്യ വിജയ് വല്ലഭ് അത്തരത്തിലൊരു സന്യാസിവര്യൻ ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആചാര്യൻ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യൻ സംസ്കാര മൂല്യങ്ങൾ ഉൾക്കൊള്ളുന്ന നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കുക വഴി വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചു. പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജൈനാചാര്യൻ വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ഈ സ്ഥാപനങ്ങൾ നൽകുന്ന സംഭാവനയ്ക്ക് രാജ്യം കടപ്പെട്ടിരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.