കിഫ്ബിയിലെ അഴിമതി സി എ ജി കണ്ടെത്തും എന്ന ഭയമാണ് ധനമന്ത്രിക്കെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബിയില്‍ നടക്കുന്ന കോടികളുടെ അഴിമതി സിഎജി കണ്ടെത്തുമെന്ന് പേടിച്ചിട്ടാണ് ധനമന്ത്രിയുടെ മുന്‍കൂട്ടിയുള്ള പത്രസമ്മേളനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 15/11/20 ഞായറാഴ്ച രാവിലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല.

നിയമസഭയിൽ വയ്ക്കുന്നതിനു മുൻപ് സി എ ജി യുടെ കരട് റിപ്പോർട്ട് പുറത്തു വിട്ട ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടി നിയമപരമായും ഭരണഘടനാപരമായും തെറ്റാണ്. സി.എ.ജി. ഭരണഘടന സ്ഥാപനമാണ്. അഴിമതികളും ക്രമക്കേടുകളും കണ്ടെത്താനും, അക്കൗണ്ടുകള്‍ പരിശോധിക്കാനും ബാധ്യസ്ഥരാണ്. കേരളത്തിലെ സര്‍ക്കാരിന്റെ അഴിമതികള്‍ കണ്ടെത്താന്‍ ആരും മുന്നോട്ടുവരരുതെന്നാണ് ഇവരുടെ നിലപാട്. അഴിമതി മൂടിവെക്കുന്നത് നടക്കുന്ന കാര്യമല്ല. സിഎജി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി മുന്‍സര്‍ക്കാരുകള്‍ക്കെതിരേ സമരം നടത്തിയവരാണ് ഇപ്പോള്‍ സിഎജിക്കെതിരേ രംഗത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ്, മയക്കുമരുന്ന് കേസ് തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് തോമസ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുന്നതെന്ന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി ഭരണത്തിനെതിരേ ഉയര്‍ന്നുവന്നിരിക്കുന്ന വസ്തുതകള്‍ മറച്ചുവെക്കാന്‍ വേണ്ടിയാണ് ധനമന്ത്രിയെ കൊണ്ട് പത്രസമ്മേളനം നടത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നത് കൊണ്ട് ഒന്നും അവസാനിക്കാന്‍ പോകുന്നില്ല. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ചെന്നിത്തല വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →