സൗക്കാര്‍പേട്ടില്‍ ഒരുകുടുംബത്തിലെ മൂന്നുപേര്‍ വെടിയേറ്റ് മരിച്ചു

ചെന്നൈ: ചെന്നൈ സൗക്കാര്‍ പേട്ടില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വൃദ്ധദമ്പതികളേയും മകനേയും പോയന്റ് ബ്ലാങ്കില്‍ വെടി വച്ച് കൊന്നത് മരുമകളാണെന്ന് പോലീസ് വെളിപ്പെടുത്തി. സൗക്കാര്‍പേട്ടില്‍ നടന്ന കൊലപാതകത്തില്‍ അക്രമി സംഘത്തിലെ മൂന്നുപേരെ വാഹനം പിന്തുടര്‍ന്ന പോലീസ് മഹാരാഷ്ട്രയിലെ സോളാപ്പൂരില്‍ നിന്ന് പിടികൂടി. മരിച്ച ശീതളിന്റെ അളിയനും മറ്റു ‌രണ്ടുപേരുമാണ് വാഹനത്തിലുണ്ടായിരുന്നത്.

സിറ്റിപോലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കാര്യങ്ങള്‍ പുറത്തറിയിച്ചത്. ഭര്‍ത്താവിനേയും പ്രായമായ മാതാപിതാക്കളേയും പോയന്റ് ബ്ലാങ്കില്‍ തലയ്ക്ക് വെടിവെച്ച് കൊന്നത് സ്വന്തം മരുമകളാണെന്ന് ചെന്നൈ പോലീസ് കമ്മീഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാള്‍ മാധ്യമങ്ങളെ അറിയിച്ചു.

സംഭവത്തില്‍ പോലീസ് പറയുന്നതിങ്ങനെ: മരിച്ച ശീതളിന്റെ ഭാര്യ മഹാരാഷ്ട്ര പൂനെ സ്വദേശിനി ജയമാലയാണ്. ഏറെക്കാലമായി ഇരുവരും പിരിഞ്ഞുതാമസിക്കുകയായിരുന്നു. വിവാഹ മോചനത്തിനുളള നടപടികള്‍ കോടതിയില്‍ നടക്കുന്നതിനിടെ അഞ്ചുകോടി രൂപ ജീവനാംശം വേണമെന്ന് ജയമാലയും കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായിട്ടാണ് സഹോദരങ്ങളായ വികാസും കൈലാസും മറ്റുരണ്ടുപേര്‍ക്കൊപ്പം സൗക്കാര്‍പേട്ടിലെ വീട്ടിലെത്തിയത്. അവര്‍ ശീതളും മാതാപിതാക്കളുമായി വഴക്കുണ്ടാക്കിയിരുന്നു.

അവിടെ വച്ചുണ്ടായ സംസാരം തര്‍ക്കമായി. ഒടുവില്‍ ബാഗില്‍ കരുതിയിരുന്ന തോക്കെടുത്ത് ജയമാല ഭര്‍ത്താവിന്റെ നെറ്റിയില്‍ വെടിവെച്ചു. പുറകേ ഭര്‍തൃപിതാവ് ദാലി ചന്ദിനേയും മാതാവ് പുഷ്പാ ഭായിയേയും വെടിവെച്ച് വീഴ്ത്തി. പ്രത്യേക സൈലന്‍സറുളള തോക്കായതിനാല്‍ ശബ്ദം പുറത്തുകേട്ടില്ല. ഒന്നും സംഭവിക്കാത്തതുപോലെ പുറത്തിറങ്ങിയ ജയമാലയും സഹോദരങ്ങളും കാര്‍ മാര്‍ഗ്ഗം പൂനയിലേക്ക് തിരിച്ചു.

കാറിന്റെ നമ്പര്‍ സൗക്കാര്‍പേട്ടിലെ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. പൂനെ പോലീസുമായി ബന്ധപ്പെട്ട് ചെന്നൈ പോലീസ് പിന്നീട് നടത്തിയ ചടുല നീക്കത്തില്‍, പൂനെ പോലീസിന്റെ സഹായത്തോടെ ഷോളാപൂര്‍ ജില്ലയില്‍ നിന്ന് മൂന്നുപേരെ പിടികൂടുകയായിരുന്നു. ജയമാലയുടെ സഹോദരന്‍ കൈലാസ്, സുഹൃത്തുക്കളായ രവീന്ദ്രനാഥ്, വിജയ് എന്നിവരാണ് പിടിയിലായത്. തോക്കുകളും പിടിച്ചെടുത്തു. ജയമാലയടക്കം രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →