ലക്‌നൗ: കുപ്രസിദ്ധ ക്രിമിനല്‍ വികാസ് ദുബൈ എട്ട് പൊലീസുകാരെ വധിച്ച കേസില്‍ യുപി ഐപിഎസ് ഉദ്യോഗസ്ഥനായ ആനന്ദ് ദേവിനെതിരേ പ്രത്യേക അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കാണ്‍പൂര്‍ മുന്‍ എസ്എസ്പി ആനന്ദ് ദേവ് തിവാരിയെ യുപി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയതു.തിവാരിയും വികാസ് ദുബൈയും തമ്മിലുള്ള സാമ്പത്തിക ഇടപാട് അടക്കം അന്വേഷിക്കണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ജൂലായ് മൂന്നിന് കാണ്‍പൂരിലെ ബിക്രു ഗ്രാമത്തില്‍ എട്ടു പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനാണ് എസ്എസ്പി ആനന്ദ് ദേവ് തിവാരിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. 3500 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ മുന്‍ കാണ്‍പൂര്‍ എസ്എസ്പി നിലവില്‍ ഡിഐജിയുമായ ആനന്ദ് ദേവ് തിവാരിയും വികാസ് ദുബൈയും തമ്മില്‍ വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പരാമര്‍ശിക്കുന്നു.
വികാസ് ദുബൈയുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ തീരുമാനിച്ച ദിവസം ഇതിന് നേത്യത്വം നല്‍കിയ പൊലീസുകാരന്‍ ദേവന്ദ്രര്‍ മിശ്രയും മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ചൗഭേപ്പൂര്‍ എസ്എച്ച്ഒ വിനയ് തിവാരി, എസ്എസ്പി ആനന്ദ് ദേവ് തിവാരി എന്നിവര്‍ക്കെതിരെയുള്ള തെളിവുകള്‍ കണ്ടെത്തിയ കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ദേവന്ദ്രര്‍ മിശ്ര ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ബൈയുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ എത്തിയ പൊലീസ് സംഘത്തെ ദുബൈയുടെ കൂട്ടാളികള്‍ ആക്രമിക്കുകയായിരുന്നു. ഈ ഫോണ്‍ സംഭാഷണം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആനന്ദ് ദേവ് തിവാരിക്കെതിരെ നിരവധി തെളിവുകള്‍ കമ്മീഷന് കിട്ടിയത്. കൂടാതെ ദുബൈയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസുകാര്‍ ഉള്‍പ്പെടെ 75 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
പൊലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ മധ്യപ്രദേശില്‍ നിന്ന് പിടികൂടിയ വികാസ് ദുബൈയെ കാണ്‍പൂരിലേക്ക് കൊണ്ടുവരുന്ന വഴി കൊല്ലപ്പെട്ടിരുന്നു. പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിവച്ചെന്നാണ് പൊലീസ് ഭാഷ്യം