ന്യൂഡൽഹി: ചണ്ഡിഗഡ് -ദില്ലി ഹൈവേയിലെ ദേരാ ബസിയിലെ സർസെനി ഗ്രാമത്തിലെ രാമ ധാബയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. 13/11/2020 വെളളിയാഴ്ചയാണ് സംഭവം നടന്നത്. ധാബ ഉടമ ജസ്വീന്ദർ സിംഗ് (35), ബബ്ലു(20 , വിക്രം(24), എന്നിവരാണ് മരിച്ചത്.
എണ്ണ ടാങ്കറിൽ നിന്ന് എണ്ണ മോഷ്ടിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് സംശയിക്കുന്നു. 80 ശതമാനത്തിലധികം പൊള്ളലേറ്റ ആളെ ഗുരുതരാവസ്ഥയിൽ ചണ്ഡിഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓയിൽ ടാങ്കറിന്റെ ഡ്രൈവർക്കും പൊള്ളലേറ്റതായി റിപ്പോർട്ടുണ്ട്.
പോലീസിന്റെയും സിവിൽ ഓഫീസർമാരുടെയും സംയുക്ത സംഘങ്ങൾ എണ്ണ മോഷണത്തിന്റെ നിയമവിരുദ്ധ പ്രവർത്തനം പരിശോധിക്കുന്നതിനായി പ്രദേശത്തെ എല്ലാ ധാബകളിലും കൂടുതൽ പരിശോധന നടത്തും. സംഭവത്തിൽ അന്വേഷണം നടത്താൻ എസ്.ഡി.എമ്മിന് നിർദേശം നൽകിയിട്ടുണ്ട്.
“നിയമം ലംഘിക്കുന്നതായി കണ്ടെത്തിയവർക്കെതിരെ കർശന ക്രിമിനൽ നടപടി സ്വീകരിക്കും,” എ.ഡി.എം അൻഷിക ജെയിൻ പറഞ്ഞു.