കൊൽക്കത്ത: ബീഹാർ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലും ബിജെപി ക്കെതിരായി വിശാല സഖ്യമാകാം എന്ന സി പി ഐ (എം എൽ ) ലിബറേഷൻ ദേശീയ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യയുടെ നിർദേശം സി പി എം തളളി. മുഖ്യ ശത്രു ബിജെപി ആയതിനാൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സുമായി സഖ്യമാകാം എന്ന നിർദേശമാണ് ദീപാങ്കർ ഭട്ടാചാര്യ മുന്നോട്ടു വച്ചത്.
“ബംഗാളിലെ പ്രശ്നം നമ്മുടെ സഖാക്കളിൽ പലരും ദേശീയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാണുന്നില്ല എന്നതാണ്. ബംഗാളിലെ സഖാക്കൾ അവിടെ സംസ്ഥാന സർക്കാരിനെതിരെ പോരാടുകയാണ്. തൽഫലമായി ബിജെപി നേട്ടമുണ്ടാക്കുന്നു, ” ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു.
“ ഈ രാജ്യത്തിന്റെ ജനാധിപത്യത്തിന്റെയും പൗരന്മാരുടെയും പ്രധാന ശത്രു ബിജെപിയാണെന്ന് നാം മനസ്സിലാക്കണം. ” അദ്ദേഹം പറഞ്ഞു.
എന്നാൽ പശ്ചിമ ബംഗാൾ ലെഫ്റ്റ് ഫ്രണ്ട് ചെയർമാൻ ബിമൻ ബോസും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഎംഎൽ ലിബറേഷൻ ജനറൽ സെക്രട്ടറിയുടെ ആശയം ഔദ്യോഗികമായി തന്നെ നിരസിച്ചു.
ബംഗാളിലെയും ബീഹാറിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഇവിടെ തൃണമൂലും ബിജെപിയും സംസ്ഥാനത്തിന് ഹാനികരമാണ്. ബിജെപി സാമുദായികമാണ്. തൃണമൂലും ബി ജെ പി യും ഏറെ വ്യത്യാസമൊന്നുമില്ല ” ബിമൻ ബോസ് ബംഗാളി ദിനപത്രമായ ആനന്ദബസാർ പത്രികയോടു പറഞ്ഞു.
“ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിനും ബിജെപിക്കുമെതിരെ ഇടതുപക്ഷം പോരാടുമെന്ന് സിപിഐഎമ്മിന്റെ മുൻ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ ബിമൻ ബോസ് കൂട്ടിച്ചേർത്തു.
“തൃണമൂൽ നടത്തിയ അക്രമവും അവർ നടത്തുന്ന അഴിമതിയും ഭരണകക്ഷിക്കെതിരെ ജനങ്ങളുടെ ഇടയിൽ ശക്തമായ വികാരമാണ് ഉണ്ടാക്കിയിട്ടുള്ളത്. തൃണമൂലിനൊപ്പം നിൽക്കുന്നത് എല്ലാ ഭരണ വിരുദ്ധ വോട്ടുകളും ബിജെപിക്ക് ലഭിക്കാൻ മാത്രമേ ഇടയാക്കുകയുളളൂ ” സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.