സംരംഭകര്‍ക്ക് അധിക വായ്പ; തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2,65,000 കോടി രൂപയുടെ മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ആത്മനിര്‍ഭര്‍ റോസ്ഗാര്‍ പദ്ധതിക്ക് രൂപം നല്‍കി. ഈ പദ്ധതി പ്രകാരം പുതിയ ജോലിയില്‍ പ്രവേശിക്കുന്ന ആള്‍ക്ക് കേന്ദ്രം ഇന്‍സെന്റീവ് നല്‍കും. ഒക്ടോബര്‍ ഒന്നു മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. നേരത്തെ പ്രഖ്യാപിച്ച 41,000 കോടിക്ക് പുറമെ പതിനായിരം കോടി രൂപ കൂടി തൊഴിലുറപ്പ് പദ്ധതിയിലേക്ക് അനുവദിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന് പിന്നാലെ ജനങ്ങള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. തുടര്‍ന്നും സ്വന്തം ഗ്രാമങ്ങളില്‍ നിന്നുതന്നെ ജീവിതമാര്‍ഗം കണ്ടെത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനാണ് തൊഴിലുറപ്പ് പദ്ധതിയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്.

നഗരങ്ങളിലെ ഭവന നിര്‍മാണ പദ്ധതികള്‍ക്കായി 18000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 12 ലക്ഷം വീടുകള്‍ക്കൂടി നിര്‍മിച്ച് 78 ലക്ഷം തൊഴിലവസരങ്ങളുണ്ടാക്കാനാണ് ശ്രമം. പുതുതായി തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങളിലെ 15000 രൂപ വരെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ രണ്ടു വര്‍ഷത്തെ പിഎഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കും. ചെറുകിട സ്ഥാപനങ്ങളുടെയും സംരംഭകരുടെയും വായ്പ ഗ്യാരന്റി പദ്ധതിയുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് വളങ്ങള്‍ക്ക് സബ്സിഡിയായി 65,000 കോടി രൂപ നല്‍കും. കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 900 കോടി രൂപ വക ഇരുത്തിയിട്ടുണ്ട്. സംരംഭകര്‍ക്ക് അധിക വായ്പ നല്‍കാനുള്ള പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിലുണ്ട്.

പര്‍ച്ചേസിങ് മാനേജേര്‍സ് ഇന്‍ഡക്സ് 58.9 ശതമാനമായി ഉയര്‍ന്നുവെന്നും മന്ത്രി പറഞ്ഞു. ഒക്ടോബറില്‍ ഇത് 54.6 ശതമാനമായിരുന്നു. അടുത്ത ഒമ്പത് വര്‍ഷങ്ങളില്‍ രാജ്യത്തെ ഉല്‍പ്പാദന മേഖലയില്‍ വന്‍ വളര്‍ച്ചയുണ്ടാകുമെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യത്തെ ഇന്ധന ഉപയോഗം വര്‍ഷം തോറും കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാളും 12 ശതമാനം വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. മേഖലയില്‍ നിന്നുള്ള ജിഎസ്ടി വരുമാനം 1.05 ലക്ഷം കോടി രൂപയായി. വിദേശ നിക്ഷേപത്തിലും രാജ്യത്ത് വര്‍ധനവുണ്ടായിട്ടുണ്ട്. എപ്രില്‍ – ഓഗസ്റ്റ് മാസങ്ങളില്‍ 35.37 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം ഇന്ത്യയിലേക്കെത്തി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 13 ശതമാനത്തിന്റെ വര്‍ധനവാണ് മേഖലയിലുണ്ടായിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →