തിരുവനന്തപുരം: ചികിത്സാർത്ഥം അവധിയെടുക്കുന്നു എന്നു പുറമേ പറയുമ്പൊഴും സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറി നിൽക്കാനുള്ള കോടിയേരി ബാലകൃഷ്ണന്റെ തീരുമാനത്തിനു പിന്നിൽ സി പി എം കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിയും പാർട്ടി നേതാക്കൾ ഒറ്റപ്പെടുത്തിയതിൽ കോടിയേരിക്കുള്ള ശക്തമായ പ്രതിഷേധവും എന്ന് സൂചന.
കഴിഞ്ഞ കേന്ദ്ര കമ്മറ്റി യോഗത്തിൽ കോടിയേരിയുടെ മകൻ ബിനീഷ് മയക്കുമരുന്ന് പണമിടപാടു കേസിൽ കുടുങ്ങിയതിലെ അതൃപ്തി ചില മുതിർന്ന നേതാക്കൾ പരസ്യമായി പ്രകടിപ്പിച്ചതായി സൂചനയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കോടിയേരി മാറി നിൽക്കുന്നതാണ് നല്ലത് എന്ന അഭിപ്രായവും കേന്ദ്ര കമ്മറ്റി യോഗത്തിൽ ഉയർന്നു വന്നിരുന്നു.
എന്നാൽ കേന്ദ്ര കമ്മറ്റി യോഗം നടക്കുന്ന സമയത്ത് ബിനീഷിന്റെ കേസ് ഇത്ര സങ്കീർണമായിരുന്നില്ല. നിലവിൽ പരപ്പന അഗ്രഹാര ജയിലിലുള്ള ബിനീഷിന്റെ മേൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കേസും വന്നേക്കും എന്ന് സൂചനയുണ്ട്.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പക പോക്കൽ എന്ന് പറഞ്ഞ് മാത്രം പ്രതിരോധിക്കാനാകില്ലെന്ന് സി പി എമ്മിനകത്ത് വിലയിരുത്തലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങളെ അഭിമുഖീകരിക്കുമ്പോൾ കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട പരാതികൾ ഒരു ബാധ്യതയാകും എന്ന് പാർടിയുടെ പല പ്രാദേശിക ഘടകങ്ങളിൽ നിന്നും അഭിപ്രായമുയർന്നിരുന്നു. ഇതെല്ലാമാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിയുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത് എന്നാണ് സൂചന.
പ്രതിസന്ധി ഘട്ടത്തിൽ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ പോലും കൂടെ നിന്നില്ല എന്നതിൽ കോടിയേരിക്ക് ശക്തമായ പ്രതിഷേധമുണ്ട് എന്നും റിപ്പോർട്ടുണ്ട്.

