ന്യൂഡല്‍ഹി: ആറുമാസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്തെ വ്യാവസായിക ഉല്‍പാദനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. പ്രധാനമായും ഖനന, ഊര്‍ജ്ജ മേഖലകളിലെ ഉല്‍പാദനത്തിലാണ് ഉയര്‍ച്ച ഉണ്ടായിരിക്കുന്നത്. വ്യാവസായിക ഉല്‍പാദന സൂചിക (ഐഐപി) കണക്കുകള്‍ പ്രകാരം സെപ്റ്റംബറില്‍ വ്യാവസായിക ഉല്‍പാദനത്തില്‍ 0.2 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഖനന, വൈദ്യുതി വിഭാഗങ്ങളുടെ ഉത്പാദനം യഥാക്രമം 1.4 ശതമാനവും 4.9 ശതമാനവുമാണ്. വ്യാവസായിക ഉത്പാദനം ഈ വര്‍ഷം ഫെബ്രുവരിയില്‍ 5.2 ശതമാനം വളര്‍ച്ച നേടിയിരുന്നു. അതിനുശേഷം മാര്‍ച്ചില്‍ 18.7 ശതമാനം, ഏപ്രിലില്‍ 57.3 ശതമാനം, മെയ് മാസത്തില്‍ 33.4, ജൂണില്‍ 16.6, ജൂലൈയില്‍ 10.8 എന്നിങ്ങനെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, സെപ്റ്റംബറിലെ ചില്ലറ പണപ്പെരുപ്പം ഓഗസ്റ്റിലെ 6.69 ശതമാനത്തില്‍ നിന്ന് 7.34 ശതമാനമായി ഉയര്‍ന്നു. പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഭക്ഷ്യവിലക്കയറ്റം സെപ്റ്റംബറില്‍ 10.68 ശതമാനമായിരുന്നു. ഓഗസ്റ്റില്‍ ഇത് 9.05 ശതമാനമായിരുന്നു. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയായ ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച, കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ കനത്ത ഇടിവ് നേരിടുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജി.ഡി.പി) 17 ശതമാനം സംഭാവന ചെയ്യുന്ന മാനുഫാക്ചറിംഗ് മേഖല ജൂണില്‍ രേഖപ്പെടുത്തിയത് നെഗറ്റീവ് 40.7 ശതമാനം വളര്‍ച്ചയാണ്. കൊവിഡ് മഹാമാരി ആഞ്ഞടിക്കും മുമ്പ്, നടപ്പുവര്‍ഷം ഇന്ത്യ ആറു ശതമാനം വളരുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.

