അകം എന്ന സംഗീത ബാന്റിലൂടെ ചുരുങ്ങിയ കാലയളവിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. സുധ കൊങ്കര സംവിധാനം ചെയ്ത സുററെെ പോട്ര് എന്ന സിനിമയിലൂടെ സിനിമാ സംഗീത രംഗത്ത് ശ്രദ്ധനേടിയ ഹരീഷ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുകയും സമകാലിക വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്യാറുണ്ട് . ഇപ്പോൾ മകളെക്കുറിച്ചുള്ള ഹരീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്. ഒരു ടെലിവിഷൻ ഷോയിലെ സ്ത്രീവിരുദ്ധ നിലപാടുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായ പശ്ചാത്തലത്തിൽ ഹരീഷിന്റെ കുറിപ്പ് ഇങ്ങിനെ
ഇത് എന്റെ മകളാണ് ഇവൾക്ക് രുചിയുള്ള ഭക്ഷണവും രുചിയില്ലാത്ത ഭക്ഷണവും തിരിച്ചറിയാൻ അറിയാം, അവൾ അത് വ്യക്തമായി പറയാറും ഉണ്ട് കിട്ടുന്ന ഭക്ഷണം പ്രിവിലേജ് ആണെന്ന് പറഞ്ഞു കൊടുക്കുമ്പോ തന്നെ വീട്ടിലെ ഒരേ ഒരു പുരുഷൻ ആയ എനിക്ക് ‘കഷ്ണം മുഴുവനും പാതി ചാറ് നിനക്കും നിന്റെ അമ്മയ്ക്കും’ എന്നാണ് പ്രമാണം എന്ന് ഞാനോ അവളുടെ അമ്മയോ പറഞ്ഞു കൊടുത്തിട്ടില്ല.
സ്വന്തം ജോലി അത് എന്ത് തന്നെ ആയാലും പാത്രം കഴുകുകയോ, ടോയ്ലറ്റ് വൃത്തിയാക്കുകയോ എന്ത് വേണെങ്കിൽ ആയിക്കോട്ടെ ,, അത് സ്വയം ചെയ്യുക എന്നത് ഒരു ആന കാര്യവും അല്ല . അവളായാലും ഞാൻ ആയാലും ആരായാലും എന്നും പറഞ്ഞു കൊടുത്തിട്ടുണ്ട്.
പെണ്ണായാൽ അറപ്പും ഇഷ്ടക്കുറവും ഒക്കെ കളഞ്ഞു ആദർശവതി ആവണം എന്ന് ആരെങ്കിലും പറഞ്ഞാൽ അവരോടു പോയി പണി നോക്കാൻ പറയാൻ പ്രത്യേകം പറഞ്ഞു കൊടുത്തിട്ടുണ്ട്.
പിൽക്കാലത്തു വീട്ടിൽ ഞാൻ ഭയങ്കര സംഭവം ആയ അച്ഛൻ ആണ് ഇങ്ങനെ ഒക്കെ പറയാൻ എന്ന തെറ്റിദ്ധാരണ ഒന്നും എനിക്ക് ഇല്ല. സ്വന്തം മകൾക്ക് അവളുടെ തീരുമാനങ്ങൾ എടുക്കാൻ ഉള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന ഒരു അച്ഛൻ അത്രേ ഉള്ളു. വേറെ എന്തെങ്കിലും ഒക്കെ നിങ്ങക്ക് തോന്നിയാൽ അതിനു എനിക്ക് ഒന്നും പറയാൻ ഇല്ല.

