ടൈഗ്രേയിലൈ സംഘര്‍ഷം: എത്യോപ്യക്കാര്‍ സുഡാനിലേക്ക് പലായനം ചെയ്യുന്നു

സുഡാന്‍: വടക്കന്‍ എത്യോപ്യയിലെ ടൈഗ്രേയിലൈ സംഘര്‍ഷത്തെ തുടര്‍ന്ന് 6,000 ത്തിലധികം എത്യോപ്യക്കാര്‍ സുഡാനിലേക്ക് പലായനം ചെയ്തതെന്ന് സുഡാനിലെ വാര്‍ത്താ ഏജന്‍സി സുന റിപ്പോര്‍ട്ട് ചെയ്യുന്നു. പലായനം ചെയ്തവരില്‍ കുറഞ്ഞത് 30 സായുധ എത്യോപ്യന്‍ സൈനികരും ഉള്‍പ്പെടുന്നു. ”സംഘര്‍ഷം തുടരുകയാണെങ്കില്‍, അഭയാര്‍ഥികളുടെ ഒഴുക്ക് വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് സുഡാന്‍ അധികൃതര്‍ പറയുന്നത്. 2 ലക്ഷത്തോളം പേര്‍ എത്യോപ്യയില്‍ നിന്ന് വരും ആഴ്ചകളില്‍ എത്തുമെന്നാണ് സുഡാന്‍ ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത്. എത്യോപ്യന്‍ സൈനികരടക്കമുള്ളവര്‍ കാല്‍നടയായി അതിര്‍ത്തി കടന്ന് സുഡാനിലേയ്ക്ക് വരുന്നുണ്ട്. സംഘര്‍ഷം തുടങ്ങിയതിന് ശേഷം ഇതുവരെ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ടൈഗ്രേ പ്രവിശ്യയുടെ തലസ്ഥാനമായ മെകെല്ലെയില്‍ ആര്‍മി താവളത്തിന്റെ നിയന്ത്രണം ടൈഗ്രേ വിമത സേന പിടിച്ചടക്കിയിരുന്നു. ഇതിന് പിന്നാലെ സൈനിക നടപടിക്ക് പ്രധാനമന്ത്രി ഉത്തരവിടുകയും ചെയ്തു. മാസങ്ങളായി രൂക്ഷമായ സംഘര്‍ഷം തുടരുകയാണ്.

ടൈഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടിന്റെ (ടി പി എല്‍ എഫ്) 550 പ്രവര്‍ത്തകരെ എത്യോപ്യന്‍ സൈന്യം വധിച്ചിട്ടുണ്ട്. ഹമേര വിമാനത്താവളത്തിന്റെ നിയന്ത്രണം ഗവണ്‍മെന്റ് സൈന്യം പിടിച്ചതായി ഗവണ്‍മെന്റ് മാധ്യമങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം 17 സൈനികരെ അറസ്റ്റ് ചെയ്തതായി ഫെഡറല്‍ പൊലീസ് പറയുന്നതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിന്റെ ബാക്കി ഘടകങ്ങളുമായി നോര്‍തേണ്‍ കമാന്‍ഡിന്റെ ആശയവിനിമയം തടസപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. നോര്‍തേണ്‍ കമാന്റിനെ ലക്ഷ്യം വച്ച് ടിപിഎല്‍എഫ് കഴിഞ്ഞയാഴ്ച ആക്രമണം നടത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം