ഇതാണ് ജോ ബൈഡന്‍ പറഞ്ഞ നാഗ്പൂരിലുള്ള അദ്ദേഹത്തിന്റെ ബന്ധുക്കള്‍

നാഗ്പൂര്‍: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുത്ത ജോ ബൈഡന്റെ ഇന്ത്യന്‍ വേരുകള്‍ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച് കൊണ്ടിരിക്കുകയാണ്. ആ കഥയിലേക്ക് പുതിയൊരു അധ്യായം കൂടി വന്നിരിക്കുകയാണ്. നാഗ്പൂരില്‍ നിന്നാണ് പുതിയ വാര്‍ത്ത.
ബൈഡന്‍ ഇന്ത്യ സന്ദര്‍ശന വേളയില്‍ പരാമര്‍ശിച്ച ഇന്ത്യക്കാരായ ബന്ധുക്കളാണ് തങ്ങളെന്നാണ് നാഗ്പൂര്‍ സ്വദേശിയായ സോണിയ ബൈഡന്‍ ഫ്രാന്‍സിസ് പറയുന്നത്. 1873 മുതല്‍ തങ്ങള്‍ ഇവിടെ ഉണ്ടെന്ന് അവര്‍ പറഞ്ഞു. കുടുംബ ബന്ധം സൂചിപ്പിച്ച് ബൈഡന്‍ എന്ന പേരുള്ള ഒരാളുടെ കത്ത് മുംബൈയില്‍ നിന്നും ലഭിച്ചിരുന്നതായി ജോ ബൈഡന്‍ പറഞ്ഞിരുന്നു. ആ കത്ത് എഴുതിയത് ലെസ്ലി ബൈഡന്‍ ആയിരുന്നുവെന്നാണ് അവരുടെ പൗത്രിയായ സോണിയയുടെ വാദം. നാഗ്പൂരില്‍ സൈക്കോളജിസ്റ്റാണ് സോണിയ. എല്ലായിടത്തേയും പോലെ നാഗ്പൂരിലെ ബൈഡന്‍ കുടുംബവും ജോ ബൈഡന്റെ ജയത്തില്‍ സന്തോഷിക്കുന്നതായി അവര്‍ പറഞ്ഞു.

1983ലാണ് ലെസ്ലി ബൈഡന്‍ മരിക്കുന്നത്. നാഗ്പൂരിലെ ഭാരത് ലോഡ്ജ് ആന്റ് ഹോസ്റ്റല്‍, ഭാരത് കഫെ എന്നിവയുടെ മാനേജര്‍ ആയിരുന്നു ലെസ്ലിയെന്നും സോണിയ പറഞ്ഞു. ഇലസ്ട്രേറ്റഡ് വീക്ക്ലി ഓഫ് ഇന്ത്യയുടെ 1981 മാര്‍ച് 28 ഏപ്രില്‍ 4 ലക്കത്തില്‍ ജോ ബൈഡനെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതു വായിച്ചാണ് ലെസ്ലി 1981 ഏപ്രില്‍ 15ന് ജോ ബൈഡന് കത്തെഴുതിയത്. മേയ് 30ന് ബൈഡന്റെ മറുപടി കത്ത് ലെസ്ലിക്ക് ലഭിച്ചതായും കുടുംബം പറയുന്നു. ഇരുവരും നടത്തിയ കത്തിടപാടില്‍ അവരുടെ പൊതുവായ ഒരു പൂര്‍വപിതാവായ ജോണ്‍ ബൈഡനെ കുറിച്ചുള്ള വിവരവും ലഭിച്ചിരുന്നു.

കത്തിടപാടില്‍ ജോ ബൈഡനും ലെസ്ലി ബൈഡനും സന്തോഷം പ്രകടിപ്പിക്കുകയും കൂടുതല്‍ കുടുംബ വേരുകള്‍ ചികയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ രോഗബാധിതനായ ലെസ്ലി 1983ല്‍ മരിക്കുകയായിരുന്നുവെന്നും അവരുടെ മറ്റൊരു പൗത്രിയായ റൊവേന പറഞ്ഞു. ഈ കത്തുകള്‍ ഇവര്‍ ഇന്നും സൂക്ഷിക്കുന്നുണ്ട്. ലെസ്ലിയുടെ പൗത്രന്‍ ലെസ്ലി ഡേവിഡ് ബൈഡന്റെ വിവാഹത്തിനായി 2018ല്‍ നാഗ്പൂരിലെ കുടുംബത്തിനു പുറമെ മുംബൈ, യുഎസ്, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലെ ബൈഡന്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടിയിരുന്നുവെന്നും സോണിയ പറഞ്ഞു.

Share
അഭിപ്രായം എഴുതാം