ഭര്‍തൃവീട്ടില്‍ വെച്ച് യുവതി പൊളളലേറ്റ് മരിച്ചു.

ബേക്കല്‍: ഭര്‍തൃവീട്ടില്‍ വെച്ച പൊളളലേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട അമ്മായിഅമ്മക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസെടുത്തു. മാങ്ങാട് മേല്‍ബാര കോളനിയിലെ സുജിത് കുമാറിന്റെ ഭാര്യ കാറഡുക്ക സ്വദേശിനി ശ്രീജയ(21) ആണ് മരിച്ചത്. 2020 നവംബര്‍ 8 ഞായറാഴ്ച ഉച്ചയോടെയാണ് ഭര്‍തൃവീട്ടില്‍ വെച്ച് ശ്രീജക്ക് ഗുരുതരമായ പൊളളലേറ്റത്.60 ശതമാനത്തിലധികം പൊളളലേറ്റ യുവതിയെ ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട് മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് ജില്ലാ ജുഡഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളേജിലെത്തി ശ്രീജയുടെ മരണ മൊഴി രേഖപ്പെടുത്തിയിരുന്നു. ഭര്‍തൃമാതാവിന്‍റെ പീഡനത്തെ തുടര്‍ന്ന് സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് മേല്‍പ്പറമ്പ് പോലീസ് പറയുന്നു..യുവതിയുടേയും ബന്ധുക്കളുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. യുവതി മരിച്ചതോടെയാണ് ഭര്‍തൃമാതാവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തത്.

കാറടുക്ക മാളംങ്കൈഅറളടുക്കയിലെ മഞ്ജുനാഥ-ശോഭന ദമ്പതികളുടെ മകളാണ് ശ്രീജ. സുജിത് കുമാറുമായി പ്രണയബന്ധത്തിലായി വിവാഹം കഴിക്കുയായിരുന്നു. 2019 ഒക്ടോബര്‍ 23നായിരുന്നു വിവാഹം. മേഘ,ആകാശ് എന്നിവര്‍ സഹോദരങ്ങളാണ്.

Share
അഭിപ്രായം എഴുതാം