പുതുച്ചേരി: പിതാവിന്റെ മരണ ശേഷം അമ്മ വില്‍ക്കുകയും കഴിഞ്ഞ ഒന്നര വര്‍ഷമായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത അഞ്ച് പെണ്‍കുട്ടികളെ പോലിസ് രക്ഷപ്പെടുത്തി. തമിഴ്നാട്ടിലെ ചയ്യാറില്‍ നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് രക്ഷപ്പെടുത്തിയതെന്നും കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ താറാവ് വളര്‍ത്തുന്ന കന്നിയപ്പന്‍, അയാളുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരടക്കം ആറ് പേരെ കസ്റ്റഡിയിലെടുത്തതായും സീനിയര്‍ പോലീസ് സൂപ്രണ്ട് (ക്രമസമാധാനം) പ്രതീശ ഗോദാര പറഞ്ഞു.
ഒക്ടോബര്‍ 21ന് ശിശുക്ഷേമ സമിതിയില്‍ നിന്ന് പോലീസിന് പരാതി ലഭിച്ചത് അനുസരിച്ചാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മൂന്ന് പെണ്‍കുട്ടികളെ അവരുടെ പിതാവിന്റെ മരണശേഷം അമ്മ വിറ്റു. തുടര്‍ന്ന് അമ്മ കരിമ്പിന്‍ തോട്ട തൊഴിലാളിയായ മറ്റൊരു പുരുഷനുമായി താമസിക്കാന്‍ തുടങ്ങി.പിന്നാലെ മറ്റ് രണ്ട് പെണ്‍കുട്ടികളെ ഒന്നര വര്‍ഷം മുമ്പും വിറ്റു. കന്നിയപ്പനില്‍ നിന്ന് 3000 രൂപ വീതം വാങ്ങിയാണ് അമ്മ കുട്ടികളെ നല്‍കിയത്. ഇയാള്‍ കുട്ടികളെ ലൈംഗീക അതിക്രമത്തിന് ഉപയോഗിക്കുകയുമായിരുന്നു-പൊലീസ് പറഞ്ഞു. രണ്ട് കുട്ടികളെ ഒക്ടോബര്‍ 21നും മൂന്ന് പേരെ ഒക്ടോബര്‍ 22 ന് രക്ഷപ്പെടുത്തി ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റിയിട്ടുണ്ട്.