തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ നിന്ന് ബാലാവകാശ കമ്മീഷനും, പോലീസും പിന്മാറി. കോടതിയുടെ സെര്‍ച്ച് വാറണ്ടുമായി ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബിനീഷിന്‍റെ ഭാര്യയേയും രണ്ടര വയസുളള മകളേയും തടഞ്ഞുവെച്ചതിനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
ബിനീഷിന്‍റെ മകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ലെന്നും റെയിഡ് നടന്നപ്പോഴുളള പരാതി അന്നുതന്നെ തീര്‍പ്പാക്കിയതിനാല്‍ തുടര്‍ നടപടി ആവശ്യമില്ലെന്നും കമ്മീഷനംഗം കെ. നസീര്‍ വ്യക്തമാക്കി. എന്‍ഫോഴ്‌സ് മെന്‍റ് ഡയറക്ടേറ്റിന്‍റെ കേസന്വേഷണം തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്നാണ് കമ്മീഷന്‍ നിലപാട്. വാറന്‍റുമായി റെയിഡിനെത്തിയ ഇഡിക്കെതിരെ കേസ് അസാദ്ധ്യമാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബാല്‍റാംകുമാര്‍ ഉപാദ്ധ്യായയും പറഞ്ഞു.
ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണെങ്കിലും ഔദ്യോഗിക കൃത്യ നിര്‍വഹണം നടത്തിയ ഈഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്താല്‍ പുലിവാലാകുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ നിലപാടെടുത്തു. റെയിഡിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറാനേ പോലീസിന് കഴിയൂ. നിയമ വിരുദ്ധമായ നടപടികള്‍ ഉണ്ടായാല്‍ റെയിഡ് നടപടികള്‍ നേരിടുന്നവര്‍ കേസ് പരിഗണിക്കുന്ന കോടതിയെ അറിയിക്കണം. പക്ഷെ കേസെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി വേണം.
കര്‍ണ്ണാടക കോടതിയുടെ വാറന്‍റു തടഞ്ഞെന്ന് കാട്ടി കമ്മീഷനെതിരെ കോടതിയലക്ഷ്യ കേസ് നല്‍കാന്‍ ഈഡിക്ക് കഴിയും. ആളുകളെ വിളിച്ചുവരുത്തുന്നതുപോലുളള നടപടികള്‍ക്കാണ് കമ്മീഷന് സിവില്‍ കോടതിയുടെ അധികാരമുളളത്. പോലീസിന്‍റെ ഇടപെടല്‍ കാരണം റെയ്ഡ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് ഇഡി വാദിച്ചാല്‍ സെര്‍ച്ച് വാറണ്ട് തടഞ്ഞതിന് പോലീസ് കോടതിയലക്ഷ്യം നേരിടേണ്ടിവരും.ഇത്തരത്തിലുളല ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് ബോധ്യമായതിനാലാണ് കേസില്‍ നിന്ന് പോലീസും കമ്മീഷനും പിന്മാറിയത്.
അതോടൊപ്പം അന്വേഷണം തടയുന്നത് കേന്ദ്രസംസ്ഥാന ബന്ധങ്ങളെ ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ കേന്ദ്ര സേനയെ വിന്യസിക്കാന്‍ കേന്ദ്ര സര്‍തക്കാരിന് അധികാരമുണ്ട്. . സംസ്ഥാന സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നല്‍കാനും കേന്ദ്രത്തിനാവും. അത് പാലിച്ചില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാകും.

