ന്യൂ ഡല്‍ഹി: 2017 ഡിസംബറിന് മുമ്പ് വിറ്റഴിക്കപ്പെട്ട നാലുചക്ര വാഹനങ്ങള്‍ക്ക് തേര്‍ഡ്‌പാര്‍ട്ടി ഇന്‍ഷുറന്‍സ് വാങ്ങാന്‍ ഫാസ് ടാഗ് നിര്‍ബ്ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. 2021 ജനുവരി മുതല്‍ തീരുമാനം പ്രബല്ല്യത്തില്‍ വരും. 2017 ഡിസംബര്‍ 1 മുതല്‍ വിറ്റഴിഞ്ഞ വാഹനങ്ങള്‍ക്ക് ഫാസ് ടാഗ് നേരത്തെ നിര്‍ബ്ബന്ധമാക്കിയിരുന്നു. 2021 ഏപ്രില്‍ മുതല്‍ കാറുകള്‍ മുതലുളള എല്ലാ വാഹനങ്ങള്‍ക്കും ഫാസ് ടാഗ് നിര്‍ബ്ബന്ധമാണ്.
ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ഫാസ്‌ടാഗ് ഐഡിയും രേഖപ്പെടുത്തും. ടോള്‍ പ്ലാസയില്‍ പേയ്‌മെന്റുകൾ 100 ശതമാനവും കറന്‍സി രഹിതമാക്കുകയാണ് കേന്ദം ലക്ഷ്യമിടുന്നത്. പുതിയ കാറുകളുടെ രജിസ്‌ട്രേഷന് ഫാസ് ടാഗ് ഇപ്പോള്‍ നിര്‍ബ്ബന്ധമാണ്. വാഹനത്തിന്റെ വിന്റ്സ്ക്രീനില്‍ പതിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അധിഷ്ടിത സ്റ്റിക്കറാണ് ഫാസ് ടാഗ്. ഇത് വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കും.
ടോള്‍പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ കടന്നുപോകാന്‍ ഇത് സഹായിക്കും.പ്ലാസയിലെത്തുമ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്കായി പണം ഈടാക്കപ്പെടുന്നതാണ് കാരണം. വാഹന അപകടത്തില്‍ മൂന്നാംകക്ഷിക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കുളള പരിഹാരമാണ് തേര്‍ഡ്‌പാര്‍ട്ടി ഇന്‍ഷ്വന്‍സ്. ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനം നിരത്തിലിറക്കുന്നത് നിയമവുരുദ്ധമാണ്.