ന്യൂയോര്‍ക്ക്: ഹണിമൂണ്‍ ആഘോഷത്തിനെത്തിയ നവദമ്പതികള്‍ കരീബീയന്‍ ദ്വീപിലെ ആഘോഷത്തിനിടെ കടലില്‍ മുങ്ങിമരിച്ചു. വിവാഹം കഴിഞ്ഞ് നാലാം ദിവസമാണ് മരണം.
യു.എസ്. സ്വദേശികളായ മുഹമ്മദ് മാലിക് (35), ഭാര്യ ഡോ. നൂര്‍ ഷാ (26) എന്നിവരാണ് മരിച്ചത്. 2020 ഒക്ടോബര്‍ 24നായിരുന്നു ഇവർ വിവാഹിതരായത്.
മാന്‍ഹട്ടണില്‍ കോര്‍പ്പറേറ്റ് അറ്റോര്‍ണിയായിരുന്നു മുഹമ്മദ് മാലിക്. ന്യൂയോര്‍ക്ക് ലംഗോണ്‍ ഹെല്‍ത്തിലെ സര്‍ജിക്കല്‍ റെസിഡന്റായിരുന്നു നൂര്‍ ഷാ. പാക് വംശജരാണ് ഇരുവരും.
ഹണിമൂണിനായി ബഹാമാസിലെ തുര്‍ക്ക്സ് ആന്‍ഡ് കയ്ക്കോസ് ഐലന്‍ഡ് റിസോര്‍ട്ടാണ് ഇവര്‍ തെരഞ്ഞെടുത്തത്. വിവാഹം കഴിഞ്ഞ അടുത്ത ദിവസം തന്നെ ഇവിടേക്കെത്തി. റിസോര്‍ട്ടിലെ താമസത്തിനിടെ ഒക്ടോബര്‍ 28നായിരുന്നു അപകടം സംഭവിച്ചത്.
കടലില്‍ നെഞ്ചൊപ്പമുള്ള വെള്ളത്തില്‍ നീന്തുന്നതിനിടെ വേലിയേറ്റത്തില്‍ പെട്ട് ഇവർ മുങ്ങിത്താഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ പുറത്തെടുത്ത് ഉടന്‍ തന്നെ സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടകരമായ വേലിയേറ്റം ഉള്ള സ്ഥലത്ത് അപായ മുന്നറിയിപ്പുകള്‍ നല്‍കാത്തതിനെതിരേ മാലിക്കിന്റെ കുടുംബം പരാതിയുമായി എത്തി. റിസോര്‍ട്ട് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

