ചാലക്കുടി: ചൗക്ക മേലൂര്‍ എന്നിവിടങ്ങളില്‍ എടിഎമ്മുകള്‍ തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയിലായി. പാലക്കാട് ആലത്തൂര്‍ തരൂര്‍ വാവുളളിപ്പുറം സ്വദേശി പുത്തന്‍കുളം വീട്ടില്‍ രഞ്‌ജീത് കുമാര്‍ (37) ആണ് അറസ്റ്റിലായത്. 2020 നവംബര്‍ 6 വെളളിയാഴ്‌ച പുലര്‍ച്ചെയാണ് കൊരട്ടി മുരിങ്ങൂര്‍ ജംഗഷനിലെ എടിഎം തകര്‍ത്ത് പണം കൊളളയടിക്കാനുളള ശ്രമം നടത്തിയത്. പരിശോധനയില്‍ പണം നഷ്ടപ്പെട്ടില്ലെന്ന് കണ്ടെത്തി.
കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തുന്നതിനിടെയാണ് ചാലക്കുടി ചൗക്കയിലെ മറ്റൊരു എടിഎം തകര്‍ത്ത് പണം കൊളളയടിക്കാനുളള ശ്രമം നടന്നത്. ബാങ്കിന്‍റെ സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായി ബാങ്ക് ആസ്ഥാനത്തും ചാലക്കുടി പോലീസ് സ്‌റ്റേഷനിലും അപായമണിമുഴങ്ങി. സംഭവ സ്ഥലത്ത് പാഞ്ഞെത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ സൂചനകളൊന്നു ലഭിച്ചില്ല .
തുടര്‍ന്ന് തൃശൂര്‍ ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്‍റെ നിര്‍ദ്ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്‌പി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണ സംഘം ഒരാളാണ് രണ്ടിടത്തും എടിഎം തകര്‍ത്തതെന്ന് കണ്ടെത്തി. പ്രദേശത്തെ 50 ഓളം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ട് സ്ഥലങ്ങളിലും ഒരു വാഹനത്തിന്‍റെ സാന്നിദ്ധ്യം ശ്രദ്ധയില്‍ പെട്ടു.
വാഹനം സംബന്ധിച്ച അന്വേഷണമാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ സഹായകമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാഹനയുടമ ഇടപ്പളളിയില്‍ വാടകയ്‌ക്ക് താമസിക്കുന്ന രഞ്‌ജിത് കുമാര്‍ അറസ്റ്റിലായി. ഇയാള്‍ മുമ്പും നിരവധി കേസുകളില്‍ പ്രതിയായിട്ടുളള ആളാണ്. എടിഎം തകര്‍ക്കാനുപയോഗിച്ച സാധനങ്ങളും ധരിച്ച വസ്‌ത്രങ്ങളും കാറില്‍ നിന്ന് ലഭിച്ചു. രഞ്‌ജിത് കുമാറിനെ 9-11-2020 തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

