ചിക്കാഗോ: ഫ്ലോറിഡയിലെ മിയാമിയില്‍ ഉണ്ടായ കാറപകടത്തില്‍ ഉഴവൂര്‍ സ്വദേശിനിയായ യുവ വനിതാ ഡോക്ടര്‍ മരിച്ചു. ഉഴവൂര്‍ കുന്നുംപുറത്ത് തോമസ്, ത്രേസിയാമ്മ (കുറുപ്പുന്തറ, കണ്ടച്ചാംപറമ്ബില്‍) ദമ്പതികളുടെ മകള്‍ ഡോ. നിത കുന്നുംപുറത്ത് (30) ആണ് മരിച്ചത്.
ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് കാർ മറിഞ്ഞാണ് 7-11-2020 രാത്രിയിൽ അപകട മരണം സംഭവിച്ചത്. അപകടത്തെക്കുറിച്ച് നാട്ടില്‍ ലഭിച്ച വിവരം പിതൃസഹോദരന്‍ സ്റ്റീഫന്‍ പങ്കുവെച്ചു. നിത രാത്രി ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഡ്രൈവ് ചെയ്തു വരുന്നതിനിടെ അപകടത്തില്‍പ്പെട്ട കാര്‍ കനാലിലേക്ക് പതിച്ചു. പോലീസാണ് നിതയേയും കാറും കരയ്ക്ക് കയറ്റിയത്. ചിക്കാഗോയിലുള്ള ബന്ധുക്കള്‍ ഫ്ലോറിഡയില്‍ എത്തിക്കഴിഞ്ഞു. മൃതദേഹം ചിക്കാഗോയിലെത്തിച്ച് സംസ്‌കരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
നിതയുടെ തൊട്ടുപിന്നാലെ സഞ്ചരിച്ചിരുന്ന കാറിലെ അമേരിക്കൻ ദമ്പതികൾ അപകടം കണ്ട് കനാലിൽ ഇറങ്ങി നിതയെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ചീങ്കണ്ണികൾ പാഞ്ഞെത്തിയതോടെ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് പോലീസിൽ അറിയിച്ചതോടെയാണ് കാറും മൃതദേഹവും പുറത്തെടുത്തത്. അത്രമകാരികളായ ചില ചീങ്കണ്ണികളെ വെടിവെച്ച് കൊന്നതിന് ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
നിതയുടെ തോമസ് എക്സൈസ് ഇന്‍സ്പക്ടറായി വിരമിച്ച ആളാണ്. വയനാട് കല്പറ്റയിലായിരുന്നു തോമസിന് ജോലി. നിതയുടെ സ്‌കൂള്‍ വിദ്യാഭ്യാസം വയനാട്ടിലായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷമാണ് കുടുംബ സമേതം അമേരിക്കയ്ക്ക് പോകുന്നതും അവിടെ വിദ്യാഭ്യാസം തുടരുകയും താമസമാക്കുകയും ചെയ്തത്. മാതാപിതാക്കളും സഹോദരങ്ങളും ചിക്കാഗോയിലാണ്.
അഞ്ച് വര്‍ഷത്തിലധികമായി നിത നാട്ടില്‍ വന്ന് പോയിട്ട്. മാതാപിതാക്കളും സഹോദരങ്ങളും കഴിഞ്ഞ വര്‍ഷം വന്ന് പോയതാണ്. ഡോക്ടറാകണമെന്നും പാവപ്പെട്ടവർക്കായി നാട്ടിൽ ആശുപത്രി തുടങ്ങണമെന്നും രണ്ടു വർഷം അവിടെ ജോലി ചെയ്യണമെന്നുമായിരുന്നു നിത ആഗ്രഹിച്ചിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. നിതിനും നിമിഷയുമാണ് സഹോദരങ്ങൾ.