ന്യൂഡൽഹി: അൽഷിമേഴ്സ് ചികിത്സയ്ക്ക് മുതൽക്കൂട്ടാകുന്ന വിപ്ലവകരമായ ഒരു ടെസ്റ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇന്ത്യൻ മസ്തിഷ്ക ശാസ്ത്രജ്ഞർ. വളരെ നേരത്തേ തന്നെ അൽഷിമേഴ്സിനെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു ടെസ്റ്റാണ് നാഷണൽ ബ്രെയിൻ റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞരും ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരും ചേർന്ന് വികസിപ്പിച്ചത്. ഇതിന്റെ ക്ലിനിക്കൽ ട്രയൽ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ആദ്യകാല രോഗനിർണയം ചികിത്സ കൂടുതൽ സുഗമമാക്കും എന്നാണ് കരുതപ്പെടുന്നത്.
അൽഷിമേഴ്‌സ് എന്നത് മസ്തിഷ്ക കോശങ്ങൾ നശിക്കുന്ന ഒരു രോഗാവസ്ഥയാണ്. എംആർഐ സ്കാൻ അല്ലെങ്കിൽ പിഇടി സ്കാൻ വഴിയാണ് നിലവിൽ രോഗനിർണയം നടത്തുന്നത്.
ചുരുങ്ങുന്ന ഹിപ്പോകാമ്പസിന്റെ വലുപ്പം കണക്കാക്കിയാണ് എംആർഐ സ്കാൻ വഴി രോഗം കണ്ടെത്തുന്നത്. കൂടുതൽ ചെലവേറിയ പി ഇ ടി സ്കാൻ, സ്കാനിന് മുമ്പ് അൽഷിമേഴ്‌സ് രോഗികളിൽ കുത്തിവച്ച ഒരു പ്രത്യേക തരം രാസവസ്തുക്കൾ തലച്ചോറിന്റെ ഏതെല്ലാം ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നില്ലെന്ന് പരിശോധിച്ചതിന് ശേഷം രോഗനിർണയത്തിന് സഹായിക്കുന്നു. ഇതിനു പകരമായി മസ്തിഷ്ക രാസവസ്തുക്കളിൽ നിന്ന് രോഗം നേരത്തേ കണ്ടെത്തുന്ന രീതിയാണ് എൻ സി ബി ആർ ശാസ്ത്രജ്ഞർ വികസിപ്പിച്ചത്.
“ചില മസ്തിഷ്ക രാസവസ്തുക്കളുടെ സാന്നിധ്യം മനസ്സിലാക്കുന്ന ഞങ്ങളുടെ രീതിക്ക് രോഗത്തിൻറെ ആദ്യകാല ആരംഭം തിരിച്ചറിയാൻ കഴിയും, ഇത് രോഗത്തെ കൈകാര്യം ചെയ്യാൻ ഡോക്ടർമാർക്ക് കൂടുതൽ സമയം നൽകുന്നു,” എൻബിആർസിയിലെ മുതിർന്ന ശാസ്ത്രജ്ഞനായ പ്രവാത് മണ്ഡൽ വെളളിയാഴ്ച(06/11/2020) പറഞ്ഞു.
40 ലക്ഷത്തോളം ഇന്ത്യക്കാരെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുള്ള രോഗമാണ് അൽഷിമേഴ്സ്.