മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ ഓഫിസുകളില്‍ റെയ്ഡ് നടത്തി റഷ്യൻ സുരക്ഷാ സേന. നവാല്‍നിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷന്റെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. അവിടെയുള്ള ലാപ്‌ടോപ്പുകളും മറ്റ് ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തു. അലക്‌സി നവാല്‍നി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്. ഗ്രൂപ്പിന്റെ ഡയറക്ടര്‍ ഇവാന്‍ ഷ്ദാനോവിനെതിരെ അധികൃതര്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ച ശേഷമാണ് റെയ്ഡുകള്‍ നടത്തിയത്. 2019ല്‍ സംഘടനയെ ‘വിദേശ ഏജന്റ്’ ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ നവാല്‍നിയെ നേരത്തെ ചായയില്‍ വിഷം നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ പുടിനാണെന്നും നവാല്‍നി ആരോപിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ചായകുടിച്ച നവാല്‍നി വിമാനത്തിനുള്ളില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.