തിരുവല്ല: ബിവീലേഴ്‌സ് ചര്‍ച്ചിന് കോടികളുടെ ഹവാല ഇടപാടുണ്ടെന്ന് ആദായ നികുതി വകുപ്പ്. കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കണ്ടെത്തൽ.
കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണവും ഉണ്ടാകും. ഇഡി ഇത് സംബന്ധിച്ചുള്ള പ്രാഥമിക നടപടികളിലാണ്.
വിവിധ സംസ്ഥാനങ്ങളില്‍ ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ രൂപീകരിച്ചാണ് കള്ളപ്പണം വെളുപ്പിച്ചത്. ഇതിനായി ഇടപെടല്‍ നടത്തിയവരും അന്വേഷണ പരിധിയിലുണ്ട്.
രേഖകള്‍ ഇല്ലാതെ സൂക്ഷിച്ച 14.5 കോടിയോളം രൂപ ചർച്ചുമായി ബന്ധപ്പെട്ട വിവിധ ഇടങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചനകൾ. ഇക്കാര്യം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.
ചര്‍ച്ചിന് കീഴിലെ 30 ട്രസ്റ്റുകളില്‍ അധികവും കടലാസില്‍ മാത്രമാണ്. ഏഴ് സംസ്ഥാനങ്ങളില്‍ സഭയ്ക്ക് നിരവധി സ്ഥാപനങ്ങളുണ്ടെന്നും കണ്ടെത്തി.
5-11-2020 വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ആസ്ഥാനത്തും അനുബന്ധ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന തുടങ്ങിയത്. ഡല്‍ഹിയടക്കം ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങള്‍ ഉളള ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ഛത്തീസ്ഗഢ്, തെലങ്കാന, പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം രാജ്യത്താകെ 66 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണ്. എന്നാല്‍ ഇങ്ങനെ എത്തിയ പണം ഉപയോഗിച്ച് കോടികളുടെ വസ്തുവകകള്‍ വാങ്ങിക്കൂട്ടുകയായിരുന്നു.
മാനദണ്ഡങ്ങള്‍ പാലിക്കാതെ, വന്‍തോതില്‍ വിദേശ സാമ്പത്തികസഹായം സ്വീകരിച്ചതിന്റെ രേഖകളും ആദായ വകുപ്പ് കണ്ടെത്തി. റെയ്ഡിനേക്കുറിച്ച് സഭയുടെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

