ഇടുക്കി: കട്ടപ്പന നരിയംപാറയിൽ പോക്സോ കേസ് ആരോപിതനായ യുവാവ് ജയിലിൽ മരിച്ച സംഭവത്തിൽ പൊലീസിനും ബി.ജെ.പിക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതി മനു മനോജിന്റെ പിതാവ്.
മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. രണ്ട് കുട്ടികളുടെയും ജീവൻ നഷ്ടമാകാൻ കാരണമായത്
ബി.ജെ.പിയുടെ രാഷ്ട്രീയ കളിയാണ് എന്നും അച്ഛൻ മനോജ് ആരോപിച്ചു.
മനുവിന്റെയും പെൺകുട്ടിയുടെയും കല്യാണം വാക്കു പറഞ്ഞ് ഉറപ്പിച്ചതാണ്. ബി.ജെ.പിയുടെ നവമാധ്യമങ്ങളിലെ പ്രചാരണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും പിതാവ് പറഞ്ഞു.
മനുവിന്റെ ജയിൽ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്നും മനുവിന്‍റെ കുടുംബം പറഞ്ഞു.
മനുവും അയൽവാസിയായ പെൺകുട്ടിയും പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാർ വിവാഹം പറഞ്ഞുറപ്പിച്ചിരുന്നു. എന്നാൽ ബി ജെ പി പ്രവർത്തകരായ പെൺകുട്ടിയുടെ ബന്ധുക്കൾ ഇടപെട്ട് പോക്സോ കേസിൽ കുരുക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതിൽ മനംനൊന്ത് പെൺകുട്ടി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്ന് മനുവിൻ്റെ പീഡനത്തിൽ മനം നൊന്താണ് ആത്മഹത്യാശ്രമം നടത്തിയതെന്ന് ബിജെപി ആരോപിക്കുകയും ചെയ്തു.
ഡി വൈ.എഫ്.ഐ പ്രവർത്തകനായ മനു ഒളിവിൽ പോകുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പാർട്ടിയിൽ നിന്നും മനുവിനെ പുറത്താക്കി.
5 -11 -2020 തിയതിയാണ് പോക്സോ കേസിൽ റിമാൻഡിലായിരുന്ന മനു മനോജ് മുട്ടത്തെ ജില്ലാ ജയിലിൽ വച്ച് മരിക്കുന്നത്. തോർത്തുമുണ്ടിൽ കുരുക്കിട്ട് ഗ്രില്ലിൽ തൂങ്ങിമരിച്ചെന്നാണ് ജയിൽ അധികൃതർ നൽകിയ വിശദീകരണം. എന്നാൽ അതു മനുവിനെ കൊലപ്പെടുത്തിയതാണ് എന്നാണ് ജയിൽ സന്ദർശിച്ച അച്ഛന്‍റെ ആരോപണം.