തിരുവനന്തപുരം: വയനാട്ടിലെ മാവോയിസ്റ്റ് വേട്ടക്കെതിരെ സിപിഐ. ഏറ്റുമുട്ടലിന്‍റെ പേരില്‍ ഒരാളെ വെടിവെച്ചകൊന്ന നടപടി പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് സിപിഐ വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന രീതിയോട് പാര്‍ട്ടിക്ക് യോജിപ്പില്ല. എന്നാല്‍ അവരെ വെടിവെച്ച് കൊല്ലുക എന്നതിനോടും യോജിക്കാന്‍ കഴിയില്ലെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
തണ്ടര്‍ബോള്‍ട്ട് എന്നപേരില്‍ കാടുകളില്‍ കയറി മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുന്ന രീതി പ്രതിഷേധാര്‍ഹമാണെന്നും കൊലപാതകങ്ങള്‍ ഉണ്ടാകുമ്പോള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തേണ്ട മജിസ്റ്റീരിയല്‍ അന്വേഷണം ഗൗരവത്തോടെ നടക്കുന്നതായി ബോധ്യപ്പെടുന്നില്ലെന്നും സിപിഐ യോഗം വിലയിരുത്തി. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും പുറത്ത് വരാതിരിക്കുന്നതും ശരിയായ സമീപനമല്ലെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ജന ജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന മാവോയിസ്റ്റ് ഭീഷണി ഇല്ലെന്ന് ഏവര്‍ക്കുമറിയാം. തണ്ടര്‍ബോള്‍ട്ടിന്‍റെ ആവശ്യകതയേ ഇല്ലാത്ത നമ്മുടെ കാടുകളില്‍ ഇത്തരം ഒരു സേന തമ്പടിക്കുന്നതും കൊലപാതക പരമ്പര തീര്‍ക്കുന്നതും അംഗീകരിക്കന്‍ കഴിയുന്നതല്ല. സിപിഐ പ്രമേയത്തില്‍ പറയുന്നു.
മാവോയിസ്റ്റുകളെ കൊന്നൊടുക്കാനായി തണ്ടര്‍ബോള്‍ട്ട് എന്ന സേനയെ വിന്യസിക്കുന്നത് അങ്ങേയറ്റത്തെ അനീതിയും മനുഷ്യാവകാശ ലംഘനവുമാണ് . വയനാട്ടിലെ കൊലപാതകം സംബന്ധിച്ച് മജിസ്‌ടേറ്റ് തല അന്വേഷണം അടിയന്തിരമായി നടത്തുകയും സമയ ബന്ധിതമായി റിപ്പോര്‍ട്ട് വാങ്ങി നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

