തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇടപെടല്‍ നിയമസഭാ പ്രിവിലേജ് കമ്മറ്റി പരിശോധിക്കും. ലൈഫ് മിഷന്‍ പദ്ധതിയുടെ ഫയലുകള്‍ ആവശ്യപ്പെട്ട കേന്ദ്ര ഏജന്‍സിയ്ക്കെതിരെ ജെയിംസ് മാത്യു എംഎല്‍എ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. വിഷയത്തിൽ പ്രിവിലേജ് കമ്മറ്റി ഇ ഡി യിൽ നിന്ന് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഇ ഡി യിലെ ഉന്നതരെ വിളിച്ചു വരുത്താനും സാധ്യതയുണ്ട്.
ലൈഫ് മിഷനില്‍ പരാതി വന്നിരിക്കുന്നതും അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നതും വടക്കാഞ്ചേരിയിലെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് എങ്കിലും സംസ്ഥാനത്തൊട്ടാകെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്ന രീതിയിലാണ് ഇഡിയുടെ ഇടപെടല്‍ എന്ന് ജയിംസ് മാത്യു പരാതിയിൽ പറയുന്നു.
ലൈഫ് മിഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി സംസ്ഥാനത്തെങ്ങുമുള്ള ലൈഫ് പദ്ധതികളുടെ വിവരങ്ങള്‍ ആരായുകയാണ് ഇഡി ചെയ്യുന്നത്. നിയമസഭയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നല്‍കിയ ഉറപ്പ് സമയബന്ധിതമായി ഭവനപദ്ധതികള്‍ പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് കൈമാറുമെന്നാണ്. എന്നാല്‍ ഇത് പോലും പാലിക്കാന്‍ അനുവദിക്കാത്ത തരത്തിലാണ് കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍. ഈ വിഷയം അടിയന്തരമായി പരിശോധിക്കണമെന്നും ജെയിംസ് മാത്യു പറയുന്നു.

