45 മിനിട്ടില്‍ ബാക്ടിരിയകളിലെ ആന്റിബയോട്ടിക് പ്രതിരോധം കണ്ടെത്തുന്നതിനുള്ള മാര്‍ഗം വികസിപ്പിച്ച് ഗവേഷകര്‍

ന്യൂഡല്‍ഹി: ആന്റിബയോട്ടിക്കുകള്‍ ജീവന്‍രക്ഷാ മരുന്നുകളാണ്. ശക്തരായ രോഗാണുക്കളെ നശിപ്പിച്ച് ഗുരുതരമായ രോഗാണു ബാധയില്‍നിന്ന് മനുഷ്യനെ രക്ഷിക്കുന്ന സുപ്രധാന ആയുധങ്ങളാണവ.

എന്നാല്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധശേഷിയാര്‍ജിച്ച രോഗാണുക്കളുടെ ആവിര്‍ഭാവം ആഗോളവ്യാപകമായി ചികിത്സാരംഗത്ത് വന്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവുമാണ് മരുന്നുകളെ വെല്ലുവിളിക്കുന്ന രോഗാണുക്കളുടെ കടന്നുവരവിന് കാരണമായത്. ഇതിന് പരിഹാരമാണ് ഷെഫീല്‍ഡ് സര്‍വകലാശാല വികസിപ്പിച്ചിരിക്കുന്ന നാനോ ടെക്‌നോളജി മാര്‍ഗം. ഏകദേശം 45 മിനിറ്റിനുള്ളില്‍ ബാക്ടിരിയകളിലെ അല്ലെങ്കില്‍ രോഗാണുവിലെ ആന്റിബയോട്ടിക് പ്രതിരോധം കണ്ടെത്തുന്നതിനുള്ള മാര്‍ഗമാണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. ആന്റിബയോട്ടിക്കുകള്‍ ശരിയായി നിര്‍ദ്ദേശിക്കുന്നതിനും ആന്റിബയോട്ടിക് ചികിത്സകളുടെ ദുരുപയോഗം കുറയ്ക്കുന്നതിനും പുതിയ ടെക്‌നോളജി ഉപയോഗ പ്രദമാണെന്നാണ് വിലയിരുത്തല്‍.മരുന്നുകളേല്‍ക്കാത്ത രോഗാണുക്കളുടെ ആവിര്‍ഭാവം ചികിത്സയുടെ കാലയളവ് കൂട്ടാനും കൂടുതല്‍ നാള്‍ ആശുപത്രിയില്‍ കഴിയാനും ഇടയാക്കും. സ്വാഭാവികമായും ചികിത്സാചെലവും ഉയരുന്നു. അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ ശസ്ത്രക്രിയകള്‍ പരാജയപ്പെടുന്നു. മരുന്നുപ്രതിരോധം നേടിയ ബാക്ടീരിയകള്‍മൂലമുള്ള രോഗാണുബാധ വഴിയൊരുക്കും. എന്നാല്‍ ഇനി മുതല്‍ നാനോ ടെക്‌നോളജി മാര്‍ഗത്തിലൂടെ ബാക്ടീരിയയുടെ ആന്റിബയോട്ടിക്കുകള്‍ക്കെതിരെയുള്ള പ്രതിരോധ ശേഷി വേഗത്തില്‍ മനസിലാക്കാനും കൃത്യമായ മരുന്ന് ഉപയോഗിക്കാനും സാധിക്കുമെന്നാണ് ഷെഫീല്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. അതോടെ മേല്‍ പറഞ്ഞ പ്രശ്‌നങ്ങളെല്ലാം ഇല്ലാതാവുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

ചില ബാക്ടീരിയകള്‍ തുടക്കംമുതല്‍തന്നെ ചില പ്രത്യേക ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധമുള്ളവയാകും. ഇതിനെ സ്വാഭാവിക പ്രതിരോധം എന്നു പറയുന്നു. ക്ഷയരോഗാണുക്കള്‍ ടെട്രാസൈക്‌ളിനെതിരായും മൂത്രാശയ അണുബാധയ്ക്കു കാരണമാകുന്ന ഗ്രാം നെഗറ്റീവ് ബാക്ടീരിയകള്‍ പെനിസിലിനെതിരായും പ്രവര്‍ത്തിക്കുന്നത് സ്വാഭാവിക പ്രതിരോധമാണ്. സാധാരണയായി സ്വാഭാവിക പ്രതിരോധം ചികിത്സാരംഗത്ത് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാറില്ല. ഉചിതമായ മറ്റ് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സ ക്രമപ്പെടുത്തിയാല്‍ മതിയാകും.
നേരത്തെ ആന്റിബയോട്ടിക്കുകള്‍ക്ക് കീഴടങ്ങിയിരുന്ന ചില രോഗാണുക്കള്‍ മരുന്നുകളുടെ തുടര്‍ച്ചയായുള്ള ഉപയോഗത്തെത്തുടര്‍ന്ന് മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷി നേടുന്ന ഗുരുതര സ്ഥിതിവിശേഷമാണ് ആര്‍ജിത പ്രതിരോധം. ശക്തരായ ചില രോഗാണുക്കള്‍ എന്‍സൈമുകള്‍ ഉല്‍പ്പാദിപ്പിച്ച് ആന്റിബയോട്ടിക്കുകളെ പൂര്‍ണമായും നശിപ്പിക്കുന്നു. ആര്‍ജിത പ്രതിരോധശേഷി നേടിയ മറ്റു ചില ബാക്ടീരിയകള്‍ മരുന്നിന് കോശങ്ങളിലേക്ക് പ്രവേശിക്കാനുള്ള ചാനലുകള്‍ അടയ്ക്കുന്നു. മലേറിയ രോഗാണുക്കള്‍ ക്‌ളോറോക്‌സിനെതിരെ ഇങ്ങനെ പ്രതിരോധശേഷി നേടാറുണ്ട്. മറ്റു ചില രോഗാണുക്കള്‍ ഒരുപടികൂടെ കടന്ന് ആന്റിബയോട്ടിക്കുകളെ കോശങ്ങളില്‍നിന്ന് പമ്പ്‌ചെയ്ത് പുറന്തള്ളുന്നു. ഒരുവിഭാഗത്തില്‍പ്പെട്ട ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രതിരോധശേഷി നേടിയ ചില രോഗാണുക്കള്‍ ഘടനാപരമായി സാമ്യംപുലര്‍ത്തുന്ന മറ്റുചില പുതിയ ആന്റിബയോട്ടിക്കുകള്‍ക്കെതിരെയും പ്രതിരോധം രൂപപ്പെടുത്തിയെന്നുവരാം. അതിഗുരുതരമായ ഈ സ്ഥിതിവിശേഷമാണിത്. ഇതിനുള്ള പരിഹാരമാണ് ഗവേഷകരുടെ പുതിയ കണ്ടെത്തലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →