കൊച്ചി : യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് മുഹമ്മദ് ഷൗക്രിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കസ്റ്റംസ് സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ അപേക്ഷ നൽകും. ഇതിൻറെ ആദ്യപടിയായി വാറണ്ട് പുറപ്പെടുവിക്കും. ലൈഫ് മിഷനിലെ കോഴയായ 3.6 കോടി രൂപയുമായി ഖാലീദ് വിദേശത്തേക്ക് കടന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. അനധികൃതമായി ഡോളർ വിദേശത്തേക്ക് കടത്തിയ കേസില്‍ കസ്റ്റംസിനെ ഖാലീദിനെ മൂന്നാം പ്രതിയാക്കി.
കാണാതായ ഒരു പ്രതിയെ കണ്ടെത്താനോ തിരിച്ചറിയാനോ വിവരങ്ങള്‍ നേടാനോ പുറപ്പെടുവിക്കുന്ന അന്വേഷണ അറിയിപ്പാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്. കുറ്റവാളി ഉള്‍പ്പെടുന്നുവെന്ന് സംശയമുള്ളയാള്‍ മറ്റ് രാജ്യങ്ങളിലുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് നല്‍കുന്നത്. ഈ അറിയിപ്പ്, പുറപ്പെടുവിച്ചു കഴിഞ്ഞാല്‍, ആ വ്യക്തിയുടെ വിവരങ്ങള്‍ പങ്കിടുന്നതിന് എല്ലാ രാജ്യങ്ങളും നിര്‍ബന്ധിതരാകുന്നു. ഒരു സമയം ഒന്നിലധികം വ്യക്തികള്‍ക്കെതിരെ ഇന്റര്‍പോളിന് ഒരു ബ്ലൂ കോര്‍ണര്‍ നോട്ടീസ് നല്‍കാന്‍ കഴിയും. അനധികൃത കുടിയേറ്റ ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കുകയും കേരള തുറമുഖത്ത് നിന്ന് യാത്ര ചെയ്യുകയും ചെയ്ത 100 ഇന്ത്യക്കാര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം ബ്ലൂ കോര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നു. മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിയ്ക്കു വേണ്ടിയും അടുത്ത കാലത്തായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നു.
ഒരാള്‍ എവിടെയാണെന്ന് അന്വേഷിച്ച് വിവരങ്ങള്‍ കൈമാറാനാണ് ഒരു ബിസിഎന്‍ പുറപ്പെടുവിക്കുന്നതെങ്കില്‍, ആവശ്യമുള്ള കുറ്റവാളികളെ അറസ്റ്റ് ചെയ്ത് കൈമാറുന്നതിനായാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടുവെന്ന് ബോധ്യമുള്ള വ്യക്തിയെ കണ്ടെത്താനുള്ള അഭ്യര്‍ത്ഥനയാണ് ആര്‍സിഎന്‍. ആര്‍സിഎന്‍ പുറപ്പെടുവിച്ച വ്യക്തി കുറ്റക്കാരനാണെന്ന് അര്‍ത്ഥമാക്കുന്നില്ല, അയാള്‍ കുറ്റക്കാരനാണെന്ന് കോടതിയില്‍ തെളിയിക്കണം. റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന് ഒരു അംഗരാജ്യത്തെയും സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയില്ല. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, സ്പാനിഷ് എന്നീ ഇന്റര്‍പോളിന്റെ നാല് ഔദ്യോഗിക ഭാഷകളില്‍ ഈ അറിയിപ്പ് നല്‍കേണ്ടതുണ്ട്. അംഗരാജ്യത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ജനറല്‍ സെക്രട്ടേറിയറ്റ് ആര്‍സിഎന്‍ നല്‍കുന്നത്. ശതകോടീശ്വരന്‍ മെഹുല്‍ ചോക്‌സിക്കെതിരെ അടുത്ത കാലത്തായി ഇന്റര്‍പോള്‍ ആര്‍സിഎന്‍ പുറപ്പെടുവിച്ചിരുന്നു. രാജ്യങ്ങള്‍ അവരുടെ രാഷ്ട്രീയ അല്ലെങ്കില്‍ മതപരമായ നേട്ടങ്ങള്‍ നിറവേറ്റുന്നതിനായാണ് ഒരു വ്യക്തിക്കെതിരെ നോട്ടീസ് നല്‍കുന്നതിന് അപേക്ഷിക്കുന്നതെങ്കില്‍ അപേക്ഷ വിസമ്മതിക്കാനും ഇന്റര്‍പോളിന് അവകാശവുമുണ്ട്.

