മഞ്ചേരിയില്‍ ജല വിഭവ വകുപ്പിന്റെ മൂന്ന് പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു
മലപ്പുറം: ഗ്രാമ-നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന സര്‍ക്കാറിന്റെ പ്രഖ്യാപിത പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മഞ്ചേരിയില്‍ ജലവിഭവ വകുപ്പ് പ്രാവര്‍ത്തികമാക്കുന്ന രണ്ട് പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും പൂര്‍ത്തിയാക്കിയ വീട്ടിക്കുന്ന് ശുദ്ധജല വിതരണ പദ്ധതിയുടെയും ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കിഫ്ബിയിലുള്‍പ്പെടുത്തി ജനക്ഷേമം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കി വരുന്നത്. ഇക്കാര്യത്തില്‍ എം.എല്‍.എ.മാരുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും പിന്തുണ മാതൃകാപരമാണ്. ഓരോ മേഖലകളിലും നടക്കുന്ന പദ്ധതികളുടെ പുരോഗതി മാസത്തിലൊരിക്കലെങ്കിലും എം.എല്‍.എ.മാരുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ വകുപ്പുദ്യോഗസ്ഥരുമായി വിശകലനം ചെയ്യണം. നടത്തിപ്പിലുണ്ടാകുന്ന പ്രയാസങ്ങള്‍ ഓരോ ഘട്ടത്തിലും പരിഹരിക്കുന്നതിനും പദ്ധതികള്‍ അകാരണമായി നീളുന്നത് തടയാനും ഇതുകൊണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയിലുള്‍പ്പെടുത്തി മഞ്ചേരി നഗരസഭയിലെ ശുദ്ധജല വിതരണ പദ്ധതിയുടെ വിപുലീകരണത്തിന്റെയും കിഫ്ബി ഫണ്ടുപയോഗിച്ച് നിലവിലെ പദ്ധതിയുടെ കാലഹരണപ്പെട്ട പൈപ്പ് ലൈനുകളുടെ മാറ്റിസ്ഥാപിക്കല്‍ പദ്ധതിയുടെയും നിര്‍മാണോദ്ഘാടനം പയ്യനാട് ചോലക്കലിലെ നഗരസഭ കമ്മ്യൂനിറ്റി ഹാളില്‍ നടന്ന ചടങ്ങിലും മഞ്ചേരി വീട്ടിക്കുന്ന് മേഖലയില്‍ അഞ്ച് വാര്‍ഡുകളിലേക്ക് ശുദ്ധജലമെത്തിക്കാന്‍ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ഉദ്ഘാടനം വായപ്പാറപ്പടിയില്‍ നടന്ന ചടങ്ങിലും മന്ത്രി നിര്‍വഹിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മൂന്ന് പദ്ധതികളും ഉദ്ഘാടനം ചെയ്തത്.
മഞ്ചേരി നഗര കുടിവെള്ള പദ്ധതി വിപുലീകരണം
കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 72.52 കോടി രൂപ ചെലവിലാണ് മഞ്ചേരി നഗരസഭയിലെ നഗര കുടിവെള്ള വിതരണ പദ്ധതി സമഗ്രമായി വിപുലീകരിക്കുന്നത്. നഗരത്തില്‍ നിലവിലെ 10 എം.എല്‍.ഡി. ശേഷിയുള്ള പദ്ധതി 29 എം.എല്‍.ഡി. ശേഷിയാക്കി ഉയര്‍ത്തുകയും എലമ്പ്ര, തടപ്പറമ്പ് പ്രദേശങ്ങളില്‍ 80 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വിതരണ ശൃംഖല സ്ഥാപിക്കുകയുമാണ് പദ്ധതി ലക്ഷ്യം. നഗരസഭയിലെ 1.6 ലക്ഷം പേര്‍ക്ക് പ്രതിശീര്‍ഷം 150 ലിറ്റര്‍ വെള്ളം ലഭ്യമാക്കാനാകുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തിയാക്കുക. ആദ്യ ഘട്ടത്തില്‍ പമ്പിങ് സാമഗ്രികള്‍, ശുദ്ധീകരണ ശാല, അനുബന്ധ ഘടകങ്ങള്‍ എന്നിവയുള്‍പ്പെടുത്തിയുള്ള പ്രവൃത്തികള്‍ ഇതിനകം ആരംഭിച്ചു. ഉപരിതല സംഭരണിയിലേക്കുള്ള പമ്പിങ് ലൈനുകള്‍, എലമ്പ്ര, തടപ്പറമ്പ് മേഖലകളിലേക്കുള്ള വിതരണ ശൃംഖല, ചെരണിയിലെ സംഭരണിയിലേക്കുള്ള പുതിയ പ്രധാന പമ്പിങ് ലൈന്‍ തുടങ്ങിയ പ്രവൃത്തികള്‍ രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കും.
നഗര കുടിവെള്ള പദ്ധതിയുടെ കാലഹരണപ്പെട്ട പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കല്‍
30 വര്‍ഷം കാലപ്പഴക്കമുള്ള മഞ്ചേരി നഗര കുടിവെള്ള പദ്ധതിയുടെ എ.സി. പൈപ്പ് ലൈനുകള്‍ മാറ്റി ഡി.ഐ. പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിക്കാണ് തുടക്കമായത്. 16.9 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നഗരത്തിലെ പ്രധാന റോഡുകള്‍ക്കടിയിലൂടെ 12.19 കിലോമീറ്റര്‍ നീളത്തിലുള്ള കാലഹരണപ്പെട്ട എ.സി. പൈപ്പുകള്‍ മാറ്റി ഡി.ഐ. പൈപ്പുകള്‍ സ്ഥാപിക്കും. കുടിവെള്ള പൈപ്പ് ലൈനുകള്‍ നിരന്തരം തകരുന്ന സ്ഥിതി വിശേഷത്തിന് ശാസ്ത്രീയമായ പരിഹാരമാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. ചെരണി മുതല്‍ കച്ചേരിപ്പടി വരെയും മഞ്ചേരി സെന്‍ട്രല്‍ ജംങ്ഷന്‍ മുതല്‍ പാക്കരത്ത് കോളനി വരേയും പൈപ്പ് ലൈനുകള്‍ മാറ്റി പുതിയ കണക്ഷന്‍ നല്‍കുന്ന പ്രവൃത്തിയും പദ്ധതിയുടെ ഭാഗമാണ്.
വീട്ടിക്കുന്ന് ശുദ്ധജല പദ്ധതി
മഞ്ചേരി നഗരസഭയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ദീര്‍ഘകാലമായി അനുഭവിക്കുന്ന ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി വീട്ടിക്കുന്ന് ശുദ്ധജല പദ്ധതി യാഥാര്‍ഥ്യമായി. രണ്ട് ഘട്ടങ്ങളിലായി സര്‍ക്കാര്‍ അനുവദിച്ച 2.94 കോടി രൂപയിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. മഞ്ചേരി നഗരസഭയിലെ 28, 29, 30, 31, 31 വാര്‍ഡുകളിലെ കുടിവെള്ളക്ഷാമത്തിനാണ് സമ്പൂര്‍ണ്ണ പരിഹാരമായത്. എട്ട് എം.എല്‍.ഡി. ശേഷിയുള്ള ആനക്കയം ജല ശുദ്ധീകരണ ശാലയില്‍ നിന്നും വേട്ടേക്കോട് ഭാഗത്ത് നഗരസഭ ഏറ്റെടുത്ത് നല്‍കിയ സ്ഥലത്ത് പുതുതായി സ്ഥാപിച്ച അഞ്ച് ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയില്‍ ശേഖരിച്ച ശുദ്ധജലമാണ് പ്രത്യേക പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. ഇതോടെ പ്രതിദിനം ആളോഹരി 140 ലിറ്റര്‍ വെള്ളം 10,267 ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനാകും. പദ്ധതിയുടെ ഭാഗമായി പമ്പിങ് മെഷീന്‍, അഞ്ച് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജല സംഭരണി, വിതരണ ശൃംഖലക്കായി ജി.ഐ. പൈപ്പ് ലൈനുകള്‍ എന്നിവ യാഥാര്‍ഥ്യമാക്കി. ആനക്കയം ശുദ്ധീകരണ ശാലയില്‍ നിന്ന് സംഭരണിയിലേക്ക് വെള്ളമെത്തിക്കാന്‍ 80 എച്ച്.പി. രണ്ട് പമ്പ്് സെറ്റുകളും ഒരുക്കി.
പദ്ധതികളുടെ ശിലാഫലകം അധ്യക്ഷനായ കെ. ഉമ്മര്‍ എം.എല്‍.എ. അനാഛാദനം ചെയ്തു. നഗരസഭാധ്യക്ഷ വി. എം. സുബൈദ, ഉപാധ്യക്ഷന്‍ വി. പി. ഫിറോസ്, കൗണ്‍സിലര്‍മാരായ അഡ്വ. കെ. ഫിറോസ്ബാബു, മരുന്നന്‍ സമിയ, ജലവിഭവ വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി. പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുരേഷ്ബാബു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി. സുന്ദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8954/Drinking-water.html