രാം വിലാസ് പാസ്വാന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിത്തൻ റാം മഞ്ജി പ്രധാനമന്ത്രിക്ക് കത്തെഴുതി, മകന്‍ ചിരാഗ് പാസ്വാനെ ചോദ്യം ചെയ്യണമെന്നും ആവശ്യം

പട്‌ന: ലോക് ജനശക്തി പാര്‍ട്ടി നേതാവും കേന്ദ്ര മന്ത്രിയും ആയിരുന്ന രാം വിലാസ് പാസ്വാന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിത്തൻ റാം മഞ്ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. മകനും പാര്‍ട്ടി മേധാവിയുമായ ചിരാഗ് പാസ്വാനെതിരെ നിരവധി ആരോപണങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

അസുഖബാധിതനായ രാം വിലാസ് പാസ്വാനെ പ്രവേശിപ്പിച്ച ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനുകള്‍ പുറത്തുവിടാതിരുന്നതും വെറും മൂന്ന് പേരെ മാത്രം ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദർശിക്കാൻ അനുവദിച്ചതും ആരുടെ നിർദേശപ്രകാരമാണെന്ന് കണ്ടെത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

രാം വിലാസ് പാസ്വാന്റെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞ് പിറ്റേ ദിവസം നടന്ന ഒരു ഷൂട്ടിങ്ങില്‍ എല്‍.ജെ.പി മേധാവി ചിരാഗ് പാസ്വാന്‍ വളരെ സന്തോഷവാനായി കാണപ്പെട്ടതായും കത്തിൽ ജിത്തൻ റാം മഞ്ജി പറയുന്നു. രാം വിലാസ് പാസ്വാന്റെ ബന്ധുക്കളെ കുറിച്ചും ആരാധകരെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ വരുമ്പോള്‍ അദ്ദേഹം നിരവധി തവണ കട്ട് പറയുന്നത് കാണാമായിരുന്നു.

രാം വിലാസ് പാസ്വാന്റെ മരണത്തില്‍ നിരവധി സംശയങ്ങളുണ്ടെന്നും അത് ദൂരീകരിക്കാന്‍ അദ്ദേഹത്തിന്റെ മകന്‍ ചിരാഗ് പാസ്വാനെ ചോദ്യം ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ അച്ഛന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ജിത്താന്‍ റാം മഞ്ജിയുടെ നടപടിക്കെതിരെ ചിരാഗ് പാസ്വാൻ രംഗത്തെത്തി. രോഗിയായ തന്റെ പിതാവിനെ സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകാതിരുന്ന ആളാണ് ഇപ്പോള്‍ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് ചിരാഗ് പറഞ്ഞു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →