തിരുവനന്തപുരം : ജില്ലയിലെ പെരിങ്ങമല ഇന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. മൂന്നു കോടി രൂപ ചെലവഴിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ് സ്റ്റേഡിയം നിര്‍മിച്ചത്. കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ മികച്ച കായിക ഭാവിക്കായി കൂടുതല്‍ കളിക്കളങ്ങള്‍ ഉണ്ടാവണം. തദ്ദേശസ്ഥാപനങ്ങള്‍ കായിക വികസനത്തിന് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കിയാല്‍ ഈ മേഖലയില്‍ കണ്ണഞ്ചിപ്പിക്കുന്ന മാറ്റം സാധ്യമാകും. കേരളത്തിന്റെ വികസനമെന്നാല്‍ കായിക വികസനം കൂടിയാണെന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അഞ്ച് സ്പോര്‍ട്സ് ഹബുകള്‍ തുടങ്ങാനാണ് പദ്ധതി ആവിഷ്കരിച്ചത്. പള്ളിക്കല്‍, ഉഴമലയ്ക്കല്‍, പ്ലാമൂട്ടുകട എന്നിവിടങ്ങളില്‍ ഹബുകള്‍ തുടങ്ങിക്കഴിഞ്ഞു. പെരിങ്ങമലയിലേത് നാലാമത്തേതാണ്. മിതൃമലയില്‍ അഞ്ചാമത്തെ സ്പോര്‍ട്സ് സ്റ്റേഡിയം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. വിതുരയില്‍ പി. ടി ഉഷ സ്റ്റേഡിയത്തിന്റെ വികസനത്തിന് 1.60 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചത്.
അന്താരാഷ്ട്ര നിലവാരമുള്ള മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്പോര്‍ട്സ് ഹബ്, ജിംനേഷ്യം എന്നിവ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തില്‍ പി. വി. സി ഫ്ളോറിംഗോടു കൂടിയ ബാറ്റ്മിന്റണ്‍ കോര്‍ട്ട്, തടിപാകിയ വോളിബാള്‍, ബാസ്ക്കറ്റ് ബാള്‍, കബഡി കോര്‍ട്ടുകള്‍, ക്രിക്കറ്റ് പരിശീലനത്തിനുള്ള പിച്ച് എന്നിവയുമുണ്ട്.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8941/Peringamala-indoor-stadium-inauguration-.html

