കേരളത്തിന്റെ ‘നെയ്മർ’ മുഹമ്മദ് നെമിൽ ഇനി എഫ് സി ഗോവയിൽ

കോഴിക്കോട്: കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത 2020 ഒക്ടോബറിൽ പുറത്തു വന്നു. കഴിഞ്ഞ തവണത്തെ ഐ എസ് എൽ ലീഗ് ചാമ്പ്യന്മാരായ എഫ് സി ഗോവയിലേക്ക് കേരളത്തിന്റെ യുവതാരം മുഹമ്മദ് നെമിൽ എത്തി എന്നതാണ് ആ വാർത്ത.

ഗോവയുമായി 4 വർഷത്തെ കരാറാണ് കോഴിക്കോടുകാരനായ താരം ഒപ്പുവെച്ചത്. 18 കാരനായ നെമിലിനെ കുറച്ച് വർഷങ്ങളായി സ്കൗട്ട് ചെയ്യുകയായിരുന്നു എന്നും ഈ സൈനിംഗ് പൂർത്തിയാക്കിയതിൽ വലിയ സന്തോഷം ഉണ്ട് എന്നും എഫ് സി ഗോവ പറഞ്ഞു.

അവസാന അഞ്ചു വർഷമായി റിലയൻസ് യൂത്ത് ചാമ്പ്യനൊപ്പമാണ് നെമിൽ കളിക്കുന്നത്.

2015ൽ 13-ാം വയസ്സിൽ ആയിരുന്നു നെമിലിനെ റിലയൻസ് സൈൻ ചെയ്തത്. അവസാന സീസണിൽ സ്പെയിനിൽ പ്രത്യേക പരിശീലനം പൂർത്തിയാക്കാൻ നെമിലിന് ആയിരുന്നു. ഇപ്പോൾ താരം സ്പെയിനിലാണുള്ളത്. ഗോവ സൈൻ ചെയ്തു എങ്കിലും ഈ വരുന്ന സീസണിലും നെമിൽ സ്പെയിനിലാകും കളിക്കുക. സ്പെയിനിൽ ഗ്രാമ്നെറ്റ് എഫ് സിയുടെ അണ്ടർ 18 ടീമിൽ ലോൺ അടിസ്ഥാനത്തിലാണ് നെമിൽ കളിക്കുക.

ജൂനിയർ നെയ്മർ എന്നാണ് കോഴിക്കോട്ടുകാരനായ മുഹമ്മദ് നെമിൽ ഇന്ത്യൻ ഫുട്ബോൾ വൃത്തങ്ങളിൽ അറിയപ്പെടുന്നത്. നെമിലും നെയ്മറും തമ്മിലുളള പ്രധാന സാമ്യം അസാധാരണമായ പന്തടക്കമാണെന്ന് ഫുട്ബാൾ വിദഗ്ധർ പറയുന്നു. കോഴിക്കോട് ചേവായൂർ മഠത്തിൽമുക്ക് ഹിൽവ്യൂ ഹൗസിൽ പരേതനായ അബൂബക്കറിന്റെയും നസീറാ ബക്കറിന്റെയും മൂന്നുമക്കളിൽ ഇളയവനാണ് മുഹമ്മദ് നെമിൽ. സഹോദരൻ മുഹമ്മദ് നിഹാലും ഫുട്ബാൾ കളിക്കാരനാണ്.

കളിക്കാരനായിരുന്ന പിതാവിന്റെയും സഹോദരന്റെയും പാത പിന്തുടർന്ന് കോഴിക്കോട് വി.പി. സത്യൻ സോക്കർ അക്കാദമിയുടെ 2002 സെപ്റ്റ് ബാച്ചിലൂടെയാണ് നെമിൽ ഫുട്ബോൾ രംഗത്തേക്ക് കടന്നു വരുന്നത്.

ചെറുപ്രായത്തിൽത്തന്നെ അപാരമായ പന്തടക്കം ശീലിച്ച നെമിലിനെക്കുറിച്ച് ബി.ബി.സി. ഡോക്യുമെന്ററി ചെയ്തിരുന്നു. ജൂനിയർ നെയ്മർ എന്നായിരുന്നു ഹ്രസ്വചിത്രത്തിന് പേര് നൽകിയത്. ഇരുകാലുകൾകൊണ്ടും ഒരേ പോലെ കളിക്കാൻ കഴിയുന്നതാണ് നെമിലിൻ്റെ സവിശേഷതയെന്നാണ് പരിശീലകർ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →