ശ്രീനഗര്‍: കശ്മീരിലെ ഭൂമി ഏതൊരു ഇന്ത്യക്കാരനും വാങ്ങാം എന്ന പുതിയ നിയമം കേന്ദ്രം കൊണ്ടുവന്നതിനെതിരെ ഹുറിയത്ത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്ത ബന്ദില്‍ കശ്മീര്‍ നിശ്ചലമായി. ശനിയാഴ്ച( 31-10-2020)നാണ് കശ്മീരില്‍ ബന്ദ് നടന്നത്. കച്ചവട സ്ഥാപനങ്ങളും ഷോപ്പുകളും അടച്ചതോടെ തെരുവുകള്‍ ശൂന്യമായി. വാഹനങ്ങളും റോഡില്‍ ഇറങ്ങിയില്ല.കശ്മീരിന്റെ ഭൂമി തട്ടിയെടുക്കാനും സ്വത്വം നശിപ്പിക്കാനും തങ്ങളെ സ്വന്തം ഭൂമിയിലെ ന്യൂനപക്ഷമായി മാറ്റാനുമാണ് പുതിയ നിയമം കൊണ്ടുവന്നതെന്നാണ് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളായ മിര്‍വായ്‌സ്, പ്രൊഫ. അബ്ദുല്‍ ഗനി ഭട്ട്, ബിലാല്‍ ഗാനി ലോണ്‍, മസ്രൂര്‍ അബ്ബാസ് അന്‍സാരി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞത്.
അതേസമയം മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും നിയമത്തിന് എതിരേ രംഗത്തെത്തിയിട്ടുണ്ട്.രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭൂമി വാങ്ങാന്‍ കഴിയാത്ത വിധം ഭൂവുടമസ്ഥതയുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലും പ്രത്യേകിച്ചും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക നിയമങ്ങളുണ്ടെന്നും എന്നാല്‍ ജമ്മു കശ്മീരിന് സമാനമായ നിയമങ്ങള്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്നുമാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല ചോദിച്ചത്.ഹിമാചല്‍ പ്രദേശ്, സിക്കിം, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങി കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉണ്ട്, ഒരു ഇന്ത്യക്കാരനും പോയി ഇന്നും ഭൂമി വാങ്ങാന്‍ കഴിയില്ല, ”മുന്‍ മുഖ്യമന്ത്രി പറഞ്ഞു. ‘ഈ നിയമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്‍ മാത്രം ദേശവിരുദ്ധരാകുന്നത് എന്തുകൊണ്ടാണ്? മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സമാനമായ ശബ്ദങ്ങള്‍ (പ്രത്യേക വ്യവസ്ഥകള്‍ക്കായി) ഉന്നയിക്കുമ്പോള്‍ എന്തുകൊണ്ടാണ് മാധ്യമ ചര്‍ച്ചകള്‍ നടക്കാത്തത്?’ ശ്രീനഗറിലെ നാഷണല്‍ കോണ്‍ഫറന്‍സ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ അദ്ദേഹം അദ്ദേഹം ചോദിച്ചു.