കേന്ദ്ര സര്‍വ്വകലാശാലയില്‍ യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ അസോസിയേറ്റ്‌ പ്രൊഫസർ തസ്‌തികയില്‍ ജോലി ചെയ്യുന്നതായി പരാതി

കണ്ണൂര്‍: കേന്ദ്ര സര്‍വ്വകലാശാലയില്‍ യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ ജോലിയില്‍ തുടരുന്നതിനെതിരെ അധികൃതര്‍ നടപടിയെടുക്കിുന്നില്ലെന്ന്‌ ആക്ഷേപം. യുജിസി നിര്‍ദ്ദേശിക്കുന്ന യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ അസോസിയേറ്റ്‌ പ്രൊഫസർ തസ്‌തികയിലും ജോലി ചെയ്‌തുവരുന്നുവെന്നാണ്‌ പരാതി. അസോസിയേറ്റര്‍ പ്രൊഫസർ ആകുന്നതിന്‌ 8 വര്‍ഷത്തെ പഠനവും ,നെറ്റ്‌, പിഎച്ച്‌ഡി യോഗ്യതകളുമാണ്‌ യുജിസി നിഷ്‌ക്കര്‍ഷിക്കുന്നത്‌. എന്നാല്‍ യോഗ്യതകളില്ലാത്ത പലരും സര്‍വ്വകലാശാലയില്‍ കയറിക്കൂടിയിട്ടുളളതായും പരാതിയുണ്ട്‌.

യൂണിവേഴ്‌സിറ്റി ആരംഭിച്ചതുമുതല്‍ ഇതുവരെയായി 22 പേരെ ഇത്തരത്തില്‍ യോഗ്യതയില്ലാത്തവരായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതില്‍ യോഗ്യതയുളള മറ്റ്‌ അദ്ധ്യാപകര്‍ തഴയപ്പെടുകയുമാണെന്ന ആക്ഷേപവും നിലവിലുണ്ട്‌. ഇത്തരത്തില്‍ നെറ്റ്‌ യോഗ്യതയില്ലാതെ 2012 ല്‍ പാര്‍ട്ട്‌ ടൈം അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഒരദ്ധ്യാപകന്‍ ഇപ്പോഴും യൂണിവേഴ്‌സിറ്റിയില്‍ തുടരുന്നതില്‍ മുഴുവന്‍ യോഗ്യതയുമുളള മറ്റ്‌ അദ്ധ്യാപകകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്‌ എംഎച്ച്‌ആര്‍ഡി മിനിസ്‌ട്രി കേന്ദ്ര വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു. 160 അദ്ധ്യാപകരും 2500 ഓളം വിദ്യാര്‍ത്ഥികളുമാണ്‌ യൂണിവേഴ്‌സിറ്റിയില്‍ ഉളളത്‌. യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ പഠിപ്പിക്കുന്നതില്‍ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിലാണ്‌ .

ജന്തുശാസ്‌ത്ര വിഭാഗത്തില്‍ യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന്‌ സര്‍വ്വകലാശാല എക്‌സിക്യൂട്ടീവ്‌ കമ്മറ്റിതീരുമാന പ്രകാരം അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. പ്രൊഫസർമാരായ രണ്ടംഗ സമിതിയെ അന്വേഷണത്തിന്‌ നിശ്ചയിക്കുകയും ചെയ്‌തു. നൂറുണക്കിന്‌ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജോലി ലഭിക്കാതെയും തുച്ഛമായ ശമ്പളത്തില്‍ ഗസ്‌റ്റ്‌ അദ്ധ്യാപകരായും ജോലി ചെയ്യുമ്പോഴാണ്‌ മതിയായ യോഗ്യതയില്ലാത്തവര്‍ക്ക്‌ യുജിസി നിരക്കില്‍ ശമ്പളം നല്‍കിവരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →