മത്സ്യ ബന്ധനത്തിന്‌ കൃത്രിമ പാര്‌ പദ്ധതിയുമായി തീരദേശ വികസന കോര്‍പ്പറേഷന്‍

കോവളം: പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക്‌ അധികദൂരം യാത്രചെയ്യാതെ തീരക്കടലില്‍ നിന്ന്‌ കൂടുതല്‍ മീന്‍ പിടിക്കുന്നതിനുളള കൃത്രിമ പാര്‌ പദ്ധതിയുമായി തീരദേശ വികസന കോര്‍പ്പറേഷന്‍. മത്സ്യ സമ്പത്ത്‌ വര്‍ദ്ധിപ്പിക്കുന്നതിന്‌ ജില്ലയിലെ തീരക്കടല്‍ കഴിഞ്ഞ്‌ നിക്ഷേപിച്ച മീന്‍കൂട്‌ (കൃത്രിമ പാര്‌) പദ്ധതി വിജയിച്ചതായി തീരദേശ വികസന കോര്‍പ്പറേഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ജില്ലയിലെ പൊഴിയൂര്‍ മുതല്‍ പുതുക്കുറിച്ചി വരെയുളള എട്ടോളം മത്സ്യ ഗ്രാമങ്ങളെ ബന്ധപ്പെടുത്തിയുളള പദ്ധതിയാണിത്‌. പുതുക്കുറിച്ചി , വലിയതുറ, മരിയനാട്‌, ബീമപ്പളളി, അടിമലത്തുറ, കൊച്ചുതുറ, പുതിയതുറ, പരുത്തിയൂര്‍, കൊല്ലേങ്കോട്‌ എന്നിവിടങ്ങളിലാണ്‌ കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച കൃത്രിമ പാരുകള്‍ കടലിലിട്ടത്‌. ബീമപ്പളളി, വലിയതുറ, പൂന്തുറ എന്നിവിടങ്ങളിലെ തീര കടലില്‍ വീണ്ടും പാര്‌ നിക്ഷേപിക്കും. ഇതിനുളള കോണ്‍ക്രീറ്റ്‌ പാരുകളുടെ നിര്‍മ്മാണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

സസ്യജന്തു പ്ലവകങ്ങളുടെ സാന്നിദ്ധ്യമുണ്ടായതോടെ ധാരാളം ചെറുമീനുകള്‍ പാരില്‍ തങ്ങുന്നുണ്ടെന്നും, പഠനം പറയുന്നു. ഇവയെ ഭക്ഷിക്കാന്‍ ഇടത്തരം മീനുകള്‍ എത്തുമെന്നതിനാല്‍ പാരുകള്‍ക്കുളളിലും പുറത്തുമായി എപ്പോഴും മത്സ്യ കൂട്ടം ഉളളതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അത്യാധുനീക ക്യാമറകള്‍ ഉപയോഗിച്ച ഇവയുടെയെല്ലാം ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇവയെല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കി സൂക്ഷിച്ചിട്ടുമുണ്ട്‌.

മൂന്നുവര്‍ഷം മുമ്പ്‌ 250 പാരുകളും അതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞ്‌ 300 എണ്ണവും അടക്കം 550 പാരുകളാണ്‌ കടലില്‍ നിക്ഷേപിച്ചിട്ടുളളത്‌. ആമാട പെട്ടികളുടെ രൂപത്തിലാണ്‌ ഇവ രൂപ കല്‍പ്പന ചെയ്‌തിട്ടുളളത്‌. പദ്ധതി വിജയകരമായതോടെ വീണ്ടും കൃത്രിമ പാരുകള്‍ സ്ഥാപിക്കാനുളള ഒരുക്കത്തിലാണ്‌ ഫിഷറീസ്‌ വകുപ്പധികൃതര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →