ന്യൂ ഡൽഹി: ദൃഢനിശ്ചയത്തോടെ കൂടിയ ദീർഘവീക്ഷണം ഇന്ത്യയിൽ മികച്ച ഒരു സ്റ്റാർട്ടപ്പ് അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിച്ചതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു. ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ പ്രഥമ സ്റ്റാർട്ടപ്പ് ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്ത് പോലും വളരെ ഊർജത്തോടെ കൂടി പ്രവർത്തിക്കുകയും യഥാസമയം കുറഞ്ഞചെലവിൽ, നിരവധി പരിഹാരമാർഗ്ഗങ്ങൾ ആവിഷ്കരിക്കുകയും ചെയ്ത ഇന്ത്യയിലെ പ്രധാന സ്റ്റാർട്ടപ്പുകളെ അദ്ദേഹം അഭിനന്ദിച്ചു. നമ്മുടെ യുവാക്കൾ രൂപകല്പനചെയ്ത പല ആപ്ലിക്കേഷനുകളും പല മേഖലകളെയും ഡിജിറ്റൽ ആക്കി മാറ്റുകയും കോവിഡ് 19 മഹാമാരി മൂലമുണ്ടായ പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് വിജയിക്കുന്നതിന് സഹായിക്കുകയും ചെയ്തതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യ ദേശീയ സ്റ്റാർട്ടപ്പ് അവാർഡ് പരിപാടിയിൽ,മികച്ച പല ഇന്ത്യൻ സ്റ്റാർട്ടപ്പുകളും അംഗീകരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ഇന്ന് ഉദ്ഘാടനം ചെയ്ത എസ് സി ഒ സ്റ്റാർട്ടപ്പ് ഫോറം അംഗ രാജ്യങ്ങൾക്കിടയിൽ സഹകരണo മെച്ചപ്പെടുത്തുന്നതിനും, നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ശുഭസൂചനയാണെന്ന് ശ്രീ ഗോയൽ പറഞ്ഞു.