തിരുവനന്തപുരം: ഖാദി സെക്രട്ടറി കെ.എ. രതീഷിന് ഇരട്ടി ശമ്പളം നല്‍കിയ സംഭവത്തില്‍ മന്ത്രി ഇ.പി. ജയരാജന്റെ വാദം തെറ്റെന്ന് തെളിയുന്നു. ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനായി മന്ത്രി അനുമതി നല്‍കിയതായുളള രതീഷിന്റെ കത്ത് പുറത്ത് വന്നതോടെയാണ് വ്യവസായ മന്ത്രി ഇപി ജയരാജന്റെ വാദം പൊളിയുന്നത്. ശമ്പളം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി തേടി ഡയറക്ടര്‍മാര്‍ക്ക് അയച്ച കത്തിലാണ് മന്ത്രിയുടെ ഇടപെടല്‍ വ്യക്തമാവുന്നത്.
ഖാദി സെക്രട്ടറി കെ.എ. രതീഷിന് ശമ്പള വര്‍ദ്ധനവായി 90000 രൂപ നല്‍കാന്‍ അംഗീകാരം കൊടുത്ത നടപടിയാണ് വിവാദത്തിലായത്. ഈ വര്‍ഷം സെപ്റ്റംബര്‍ മാസമാണ് ശമ്പള വര്‍ദ്ധനവിനായി രതീഷ് ആവശ്യപ്പെട്ടത്. ഇയാള്‍ ഉള്‍പ്പെട്ട കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നിഷേധിച്ചതിന് പിന്നാലെയാണ് ശമ്പള വര്‍ദ്ധനവ് കേസും പുറത്തു വരുന്നത്. കിന്‍ഫ്ര എംഡിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളതുക ഒരു ലക്ഷത്തി എഴുപതിനായിരം രൂപ തന്നെ തനിക്കും വേണമെന്നായിരുന്നു രതീഷിന്റെ ആവശ്യം. വ്യവസായ വകുപ്പ് മന്ത്രിയും ഖാദി ചെയര്‍മാനുമായ മന്ത്രി ഇ.പി. ജയരാജന്‍ വളരെ പെട്ടെന്ന് തന്നെ ഇതിന് അംഗീകാരവും നല്‍കി. പിന്നീട് ധനവകുപ്പും ഈ ശമ്പള വര്‍ദ്ധനവ് അംഗീകരിക്കുകയായിരുന്നു.
അവസാനഘട്ട നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ വ്യവസായ സെക്രട്ടറിയുടെ മുന്നില്‍ ഫയല്‍ എത്തിയപ്പോഴാണ് സംശയമുയര്‍ന്നത്. ശേഷം നടത്തിയ പരിശോധനയിലാണ് തൊട്ട് മുന്‍പുളള സെക്രട്ടറി വാങ്ങിയ ശമ്പളം എണ്‍പതിനായിരം രൂപയാണെന്ന് കണ്ടെത്തിയത്. തന്റെ മേലുളള കുരുക്ക് നീക്കാന്‍ ഖാദി ബോര്‍ഡിനെ കൊണ്ട് തന്നെ തീരുമാനം എടുപ്പിക്കുന്നതിനായി രതീഷ് നടത്തിയ നീക്കത്തിന്റെ ഭാഗമാണ് ഈ കത്ത്.

