ന്യൂഡൽഹി: ഒടുവിൽ ബംഗാളിൽ കോൺഗ്രസ്സുമായി കൈകോർക്കാനൊരുങ്ങി സി പി എം. ചൊവ്വാഴ്ച ചേർന്ന പാർട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. 2016 ലെ തെരഞ്ഞെടുപ്പ് വേളയിൽ ബംഗാളിലെ കോൺഗ്രസ് ബന്ധത്തെ ശക്തമായി എതിർത്ത കേരള ഘടകം ഇത്തവണ യാതൊരു എതിർപ്പും മുന്നോട്ട് വച്ചില്ല.
ഈ മാസം അവസാനം നടക്കുന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനം.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസുമായി ബംഗാളിൽ സഖ്യം വേണമെന്ന ആവശ്യം ബംഗാൾ ഘടകം നേതാക്കൾ നേരത്തേ ഉന്നയിച്ചിരുന്നു.
ഈ ആവശ്യം പി ബി അംഗീകരിക്കുകയായിരുന്നു. തൃണമൂൽ കോൺഗ്രസ്സിനെയും ബി ജെ പിയെയും ഒരു പോലെ നേരിടേണ്ട സാഹചര്യമാണ് ബംഗാളിൽ എന്നാണ് പി ബി യുടെ വിലയിരുത്തൽ.

