അവാസന ഓവർ വരെ ആവേശം ,ഹൈദരാബാദിനെ തകർത്ത് പഞ്ചാബ്

ഷാർജ: അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പരാജിതരാക്കി കിങ്സ് ഇലവന്‍ പഞ്ചാബ്. ജയിക്കാന്‍ 127 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഹൈദരാബാദിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാന്‍ ടീമിൻ്റെ മധ്യനിരയ്ക്ക് സാധിച്ചില്ല.

ഹൈദരാബാദ് 19.5 ഓവറില്‍ 114 റണ്‍സാണ് നേടിയത്. 17 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ക്രിസ് ജോര്‍ദാനാണ് ഹൈദരാബാദിനെ പിടിച്ചുകെട്ടിയത്. അവസാന ഓവറില്‍ ആഞ്ഞടിച്ച അര്‍ഷ് ദീപ് സിങ് മൂന്നു വിക്കറ്റു സ്വന്തമാക്കി.

ഒരവസരത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 50 റണ്‍സ് പിന്നിട്ട ഹൈദരാബാദിന് പിന്നീട് വിക്കറ്റുകള്‍ ഒന്നൊന്നായി നഷ്ടമായി

നായകന്‍ ഡേവിഡ് വാര്‍ണര്‍(35), ജോണി ബെയര്‍സ്റ്റോ(19) എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. എന്നാല്‍ ഇവര്‍ ഇരുവരും അടുത്തടുത്ത് മടങ്ങിയതോടെ ഹൈദരാബാദ് തോല്‍വിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മധ്യനിരയില്‍ വിജയ് ശങ്കര്‍ പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും ഉറച്ച പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ല. സണ്‍റൈസേഴ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കിങ്സ് ഇലവന്‍ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഏഴിന് 126 റണ്‍സെടുക്കുകയായിരുന്നു. സണ്‍റൈസേഴ്സിന്‍റെ കൃത്യതയാര്‍ന്ന ബൌളിങാണ് വന്‍ സ്കോര്‍ നേടുന്നതില്‍നിന്ന് കിങ്സ് ഇലവന്‍ പഞ്ചാബിനെ തടഞ്ഞത്. പഞ്ചാബിനുവേണ്ടി നായകന്‍ കെ.എല്‍ രാഹുല്‍ 27 റണ്‍സെടുത്തു. സൂപ്പര്‍ താരം ക്രിസ് ഗെയിന് 20 റണ്‍സെടുക്കാനെ സാധിച്ചുള്ളു. നിക്കോളാസ് പൂരാന്‍ റണ്‍സു നേടിയപ്പോള്‍ ഗ്ലെന്‍ മാക്സ് വെല്‍(12) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

ഹൈദരാബാദിനുവേണ്ടി സന്ദീപ് ശര്‍മ്മ, ജേസന്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ടു വിക്കറ്റെടുത്ത അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ മികച്ച പ്രകടനമാണ് നടത്തിയത്.

ഐപിഎല്‍ പതിമൂന്നാം സീസണില്‍ ഈ വിജയത്തോടെ കിങ്സ് ഇലവന്‍ പഞ്ചാബ് 11 മത്സരങ്ങളില്‍നിന്ന് 10 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ അടുത്ത മൂന്നു മത്സരങ്ങളിലും മികച്ച വിജയം നേടിയാല്‍ പഞ്ചാബിന് പ്ലേഓഫിലെത്താനാകും. അതേസമയം ഈ മത്സരം തോറ്റതോടെ ഹൈദരാബാദിന്‍റെ പ്ലേഓഫ് സാധ്യകള്‍ക്ക് മങ്ങലേറ്റു. എട്ടു പോയിന്‍റ് മാത്രമുള്ള ഹൈദരാബാദ് ആറാം സ്ഥാനത്താണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →