ന്യൂഡൽഹി: 2020 ജനുവരി 11 നു തന്നെ ലോകാരോഗ്യ സംഘടന കേന്ദ്ര സർക്കാരിന് കൊറോണ മുന്നറിയിപ്പ് നൽകിയിരുന്നൂവെന്ന് വിവരാവകാശ രേഖ. ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യയിലെ റീജിയണൽ ഡയറക്ടറായ ഡോ. പൂനം ഖേത്രപാൽ സിംഗ് ജനുവരി 11 ന് തന്നെ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധന് ഇതു സംബന്ധിച്ച് ‘അലേർട് മെയിൽ’ അയച്ചിരുന്നു എന്നാണ് നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) നൽകിയ വിവരാവകാശ രേഖയിൽ പറയുന്നത്.
ജമ്മു സ്വദേശിയായ രോഹിത് ചൗധരിയാണ് കോവിഡ് 19 വൈറസിനെ കുറിച്ച് ഇന്ത്യാ ഗവൺമെൻ്റിന് ആദ്യമായി വിവരം ലഭിച്ച തീയ്യതി വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടത്.
ആരോഗ്യ മന്ത്രിക്ക് ഡോ. പൂനം ഖേത്രപാൽ സിംഗ് അയച്ച സന്ദേശത്തിൽ ഇങ്ങനെ പറയുന്നു.
“ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസിനെ കുറിച്ച് ഞാൻ താങ്കളെ അറിയിക്കുകയാണ്. താങ്കൾക്കറിയാവുന്നതു പോലെ തീവ്രമായ ന്യുമോണിയയ്ക്ക് കാരണമാകുന്ന ഒരു വൈറസാണിത്. ജനുവരി 5 വരെ വുഹാൻ നഗരത്തിൽ ആകെ 59 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിൽ ആറ് കേസുകൾ ഗുരുതരാവസ്ഥയിലാണെന്നും ബാക്കി 52 കേസുകൾ സ്ഥിരമാണെന്നും റിപ്പോർട്ടുണ്ട് ”
ഔദ്യോഗിക രേഖ പ്രകാരം ആദ്യത്തെ കേസ് ജനുവരി 30 നാണ് ഇന്ത്യയിൽ കണ്ടെത്തുന്നത്. മാർച്ച് 23 ന് ഇന്ത്യ 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണും ഏർപ്പെടുത്തി. കര, വായു, കടൽ മാർഗങ്ങളിലൂടെയുള്ള എല്ലാ അന്താരാഷ്ട്ര യാത്രകളും മാർച്ച് 22 നാണ് അടച്ചത്.

