യാങ്കോണ്‍: മാര്‍ച്ചില്‍ കൊറോണ വൈറസിന്റെ ആദ്യ തരംഗം അലയടിച്ചപ്പോള്‍ മുതല്‍ ഭക്ഷണത്തിനായി നരകയാതന അനുഭവിക്കുകയാണ് മ്യാന്‍മാര്‍ ജനതയെന്ന് റിപ്പോര്‍ട്ട്. കൈയിലുള്ള സ്വര്‍ണവും പണവുമെല്ലാം വിറ്റ് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയ അവര്‍ പിന്നീട് വില്‍ക്കാന്‍ ഒന്നും ബാക്കിയില്ലാത്ത അവസ്ഥയിലെത്തി. അതോടെ വീടിന്റെ പരിസരത്തെ എലികളെയും പാമ്പുകളെയും ഭക്ഷണമാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട്. വരുമാനമില്ലാതെ, കുട്ടികളെ പോറ്റാന്‍ അവയെ കഴിക്കുകയല്ലാതെ നിവര്‍ത്തിയില്ലെന്നാണ് മ്യാന്‍മാറുകര്‍ പറയുന്നത്.
ചേരിയുടെ തുറന്ന അഴുക്കുചാലുകളില്‍ നിന്നാണ് രാത്രിയില്‍ എലികളെയും പാമ്പുകളെയും പിടിക്കുന്നതെന്നാണ് 36കാരിയായ സൂ മാധ്യമങ്ങളോട് പറയുന്നത്. കൂടുതല്‍ കിട്ടിയാല്‍ അവ തെരുവില്‍ വില്‍ക്കും. ഇപ്പോള്‍ ഇത്തരം ജീവികളെ കുറഞ്ഞ തുകയ്ക്ക് വിറ്റ് അത്യാവശ്യകാര്യങ്ങള്‍ നടത്തുന്നവരുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരും അവരുടെ പ്രതിനിധികളും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലോക്ഡൗണ്‍ കാലത്ത് സഹായങ്ങളെത്തിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് അര്‍ഹിക്കുന്ന സഹായം ലഭ്യമായിട്ടില്ലെന്നാണ് സൂ പറയുന്നത്. അതേസമയം എലികളെ പോലും കിട്ടാത്ത സ്ഥലങ്ങളുണ്ടെന്നും കൊടിയ ദാരിദ്ര്യമാണ് അവിടെയുള്ളതെന്നും പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

