ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തരെ ജോലിയുടെ പേരില്‍ ഉപദ്രവിക്കരുതെന്ന് പ്രധാനമന്ത്രിയോട് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്.ജോലി ചെയ്തതിന്റെ പേരില്‍ അവര്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെയുള്ള കേസുകള്‍ ഒഴിവാക്കണമെന്നും ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്യും ബെല്‍ജിയം ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റുകളും ആവശ്യപ്പെട്ടു.മാധ്യമ പ്രവര്‍ത്തകരെ ഭയരഹിതരായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം
ഇന്ത്യയില്‍ ലാക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മാര്‍ച്ച് 25-നും മെയ് 31-നും ഇടയില്‍ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ 55 മാധ്യമപ്രവര്‍ത്തകരെ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിട്ടതായി റൈറ്റ്‌സ് ആന്‍ഡ് റിസ്‌ക് അനാലിസിസ് ഗ്രൂപ്പിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞതായും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 124എ പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായതായി. ഏറ്റവും ഒടുവില്‍ ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ശ്രമിച്ച സിദ്ദിഖ് കാപ്പന്‍ എന്ന മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തു.സിദ്ദിഖ് കാപ്പനെ കൂടാതെ, മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ വിനോദ് ദുവ, ഫെയ്സ് ഓഫ് നേഷന്‍ എന്ന ഗുജറാത്തി ന്യൂസ് പോര്‍ട്ടലിന്റെ എഡിറ്ററും ഉടമയുമായ ധവല്‍ പട്ടേല്‍, ഭുംകല്‍ സമാചാര്‍ എഡിറ്റര്‍ കമല്‍ ശുക്ല എന്നിവര്‍ക്കെതിരായ ഉണ്ടായ രാജ്യദ്രോഹ കേസുകളും സംഘം ചൂണ്ടിക്കാട്ടി.സ്വതന്ത്രവും വിമര്‍ശനാത്മകവുമായ മാധ്യമ പ്രവര്‍ത്തകരെ ഉപദ്രവിക്കാന്‍ രാജ്യദ്രോഹ നിയമങ്ങള്‍ ഉപയോഗിക്കുന്നത് രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിബദ്ധതകളുടെ കടുത്ത ലംഘനം മാത്രമല്ല, ഏത് വിമര്‍ശനത്തെയും നിശ്ശബ്ദമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം കൂടിയാണ്,” അവര്‍ കൂട്ടിച്ചേര്‍ത്തു

