ചെന്നെ: ഏറെ പ്രത്യേകതകളുള്ള ദിവസമാണ് മേഘ്ന രാജിന്റെയും അകാലത്തിൽ പൊലിഞ്ഞ ചിരഞ്ജീവി സർജയുടെയും കടിഞ്ഞൂൽ കൺമണിയുടെ ജനനം. മൂന്ന് വർഷം മുമ്പ് ഒക്ടോബർ 22നാണ് മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം ഉറപ്പിച്ചത്. അതേ ദിവസം തന്നെയാണ് കുഞ്ഞു ചീരുവിൻ്റെ ജനനവും. ചിരഞ്ജീവി സർജയുടെ പുനർജന്മമാണ് ഇതെന്ന് ആരാധകരും വിശ്വസിക്കുന്നു.
‘മൂന്ന് വർഷം മുമ്പ് ഇതേ ദിവസമാണ് ചിരുവിനെ ഞങ്ങൾക്ക് ലഭിച്ചത്. ഇതൊരു വല്ലാത്ത അനുഭൂതിയും യാദൃച്ഛികതയുമാണ്. എന്റെ മരുമകൻ വീണ്ടും ഈ ലോകത്തേക്ക് എത്തിയിരിക്കുന്നു.’–മേഘ്നയുടെ അമ്മ പ്രമീള മാധ്യമങ്ങളോട് പറഞ്ഞു. ബെംഗളൂരുവിലുള്ള മേഘ്നയുടെ വീട്ടിൽ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. അടുത്തസുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് അന്ന് പങ്കെടുത്തത്. തുടർന്ന് ലീല പാലസിൽ വച്ച് ചെറിയൊരു പാർട്ടിയും നടത്തിയിരുന്നു. സർജ കുടുംബത്തിന് ഒക്ടോബർ മാസം ഒരുപാട് പ്രത്യേകതകളുള്ളതാണ്. ഒക്ടോബർ 17 ആണ് ചിരഞ്ജീവി സർജയുടെ ജന്മദിനം. സഹോദരൻ ധ്രുവ് സർജയുടേത് ഒക്ടോബര് ആറിനും.
ഈ കഴിഞ്ഞ നാല് മാസം, എങ്ങനെയാണ് ഓരോ നിമിഷവും കടന്നുപോയതെന്ന് അറിയില്ല. ഭർത്താവ് എന്നും അടുത്തുണ്ടാകേണ്ട സമയം. എന്റെ മകളുടെ മാനസികാവസ്ഥ എത്ര വിഷമം നിറഞ്ഞതായിരുന്നു. എന്നാൽ ഒരു ശക്തി അവൾക്കൊപ്പമുണ്ടായിരുന്നു. മേഘ്ന ബോൾഡ് ആയ പെൺകുട്ടിയാണ്. മാത്രമല്ല കുടുംബം മുഴുവൻ അവൾക്കൊപ്പം നിന്നു. കുഞ്ഞ് ജനിക്കുന്ന സമയം ചിരുവിന്റെ ചിത്രം മേഘ്നയുടെ അരികിൽ വച്ചിരുന്നു. അവൻ ജനിച്ച ഉടൻ ചിരുവിനയാണ് ഞങ്ങൾ ആദ്യം കാണിച്ചത്.- സുന്ദർരാജ് പറഞ്ഞു.

