ആലപ്പുഴ: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 20,000 രൂപ പിഴയും വിധിച്ചു. പട്ടണക്കാട് കറുകയില്‍ വീട്ടില്‍ രാജപ്പനെ (50) കൊലപ്പെടിത്തിയ കേസിലാണ് അയല്‍വാസി കറുകയില്‍ വീട്ടില്‍ ഉദയനെ (61) ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പിഎസ് ശശികുമാര്‍ ശിക്ഷിച്ചത്.
2012 നവംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അതിര്‍ത്തി വേലി കെട്ടുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടയില്‍ ഉദയന്‍ ചിരവകൊണ്ട് അടിച്ചതിനെ തുടര്‍ന്ന് രാജപ്പന്‍ മരിച്ചുവെന്നാണ് കേസ്. കേസിലെ 20 സാക്ഷികളില്‍ 14 പേരെ വിസ്തരിച്ചു. 18 രേഖകള്‍ തെളിവായി സ്വീകരിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടിതടവ് അനുഭവിക്കണം. കഠിന ദേഹോപദ്രവം ഏല്‍പ്പിച്ചതിന് 5 വര്‍ഷം കഠിന തടവും 5000 രൂപ പിഴയുമുണ്ട്. പിഴയടക്കാതിരുന്നാല്‍ ഒരുവര്‍ഷംകൂടി തടവ് അനുഭവിക്കണം. .
ഇതിനുപുറമേ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് ആറുമാസം തടവും അന്യായം തടസം ചെയതതിന് ഒരുമാസം തടവുമുണ്ട്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴത്തുക രാജപ്പന്‍റെ വിധവ പെണ്ണാച്ചിക്ക് നല്‍കാനും വിധിയുണ്ട്. രാജപ്പന്‍റെ അവകാശികള്‍ക്ക് നിയമ സംരക്ഷണം നല്‍കാന്‍ ജില്ലാ നിയമ സഹായ വേദിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സി.വിധു ഹാജരായി.