ജനീവ: കൊവിഡ് മഹാമാരിയാല്‍ വിവിധ രാജ്യങ്ങളില്‍ ഇനിയും കൂടുതല്‍ മോശമായ സാഹചര്യങ്ങള്‍ വരാനിരിക്കുന്നുവെന്നും അതിനാല്‍ തീര്‍ച്ചയായും ജാഗ്രത പാലിച്ചേ മതിയാകൂ എന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകത്ത് പത്തിലൊരാള്‍ക്ക് എന്ന നിലയില്‍ കൊവിഡ് ബാധിക്കപ്പെട്ടുവെന്നാണ് തങ്ങള്‍ കണക്കാക്കുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നഗരങ്ങളിലും ഗ്രാമങ്ങളിലും രണ്ട് തരത്തിലാണ് കൊവിഡ് ആഘാതങ്ങള്‍ സംഭവിക്കുന്നത്. രോഗികളുടെ എണ്ണത്തിലും ഈ വ്യതിയാനം കൃത്യമായി കാണാം. അതുപോലെ തന്നെ പ്രായം, തൊഴില്‍, ലിംഗവ്യത്യാസം എന്നിവയ്ക്കെല്ലാം കൊവിഡ് വിഷയത്തില്‍ കൃത്യമായ സ്വാധീനമുണ്ട്. പക്ഷേ ചുരുക്കിപ്പറയുമ്പോള്‍ നമ്മളിപ്പോഴും ആശങ്കയുടെ കാലം കടന്നുപോയിട്ടില്ലെന്ന് ഉറപ്പിക്കേണ്ടിവരും.
കാരണം രോഗകാരിയായ കൊറോണ വൈറസ് ഇപ്പോഴും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമയം മുന്നോട്ട് പോകുംതോറും നമ്മള് അതുമായി കഴിയാവുന്ന തരത്തിലെല്ലാം പോരാടാന്‍ സജ്ജരാകും. എന്നുവച്ചാല്‍ രോഗവ്യാപനവും മരണങ്ങളും പതിയെപ്പതിയെ നിയന്ത്രണത്തിലാക്കാന്‍ നമുക്ക് സാധിച്ചേക്കാം. എന്നാല്‍ ഈ ഘട്ടത്തില്‍ നാം സുരക്ഷിതരാണെന്ന് പറയാനാകില്ല’- ലോകാരോഗ്യ സംഘടന വക്താവ് ഡോ. മിഖായേല്‍ റയാന് പറയുന്നു.

