തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിൻെറയും സരിത്തിൻ്റെയും മൊഴികളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു.
മുഖ്യമന്ത്രിയുമായോ അദ്ദേഹത്തിൻ്റെ കുടുംബവുമായോ അടുപ്പമില്ലെന്നാണ് സ്വപ്ന എൻഫോഴ്സ്മെൻറിന് നൽകിയ മൊഴിയിൽ പറയുന്നത്.
‘ അദ്ദേഹവുമായുളളത് ഔദ്യോഗിക ബന്ധം മാത്രമാണ്. ഔദ്യോഗിക കാര്യങ്ങൾ മാത്രമാണ് അദ്ദേഹവുമായി സംസാരിച്ചിട്ടുള്ളത്. ഒരിക്കൽ ഷാർജാ ഭരണാധികാരി കേരളത്തിൽ എത്തിയപ്പോൾ അവരുടെ ആചാരപ്രകാരം സ്വീകരിക്കുന്നത് എങ്ങനെയെന്ന് ഭാര്യയ്ക്ക് പറഞ്ഞു കൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അച്ഛൻ മരിച്ചപ്പോൾ ശിവശങ്കറിൻ്റെ ഫോണിൽ നിന്ന് മുഖ്യമന്ത്രി വിളിച്ചിരുന്നു ‘ സ്വപ്ന മൊഴിയിൽ പറഞ്ഞു.
റംസാന് കിറ്റ് സ്വീകരിക്കുന്നതിനും, അലാവുദ്ദീന്‍ എന്നയാള്‍ക്ക് ജോലി ലഭിക്കുന്നതിന് സഹായം തേടിയും, ദുബായിലെ ജയിലില്‍ കിടക്കുന്നയാളെ ഡീ പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയുമാണ് മന്ത്രി കെ ടി ജലീല്‍ വിളിച്ചതെന്ന് സ്വപ്ന മൊഴിയിൽ രേഖപ്പെടുത്തി. കോവിഡ് സമയത്ത് തന്റെ മണ്ഡലത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണത്തിന് സഹായം തേടിയും ജലീല്‍ കോണ്‍സുലേറ്റിലേക്ക് വിളിച്ചിട്ടുള്ളതായി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
സരിത്തിൻ്റെയും സ്വപ്നയുടെയും മൊഴികളിൽ തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിൽ വന്നു പോയവരെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. കാന്തപുരം എ പി അബൂബക്കർ മുസലിയാരും മകനും രണ്ടു തവണയിൽ കൂടുതൽ കോൺസുലേറ്റ് ജനറലിനെ വന്നു കണ്ടിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തിൻ്റെ മകൻ്റെ ജോലിക്കാര്യത്തിനായി യുഎഇ കോൺസുലേറ്റിൽ എത്തിയിട്ടുണ്ടെന്ന് സരിത്ത് മൊഴിയിൽ പറയുന്നു .

