ന്യൂഡല്‍ഹി: പൊതു മേഖലാ ബാങ്കുകളില്‍ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം കൊണ്ടുവരാനും ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരി മുഴുവന്‍ വില്‍ക്കാനുള്ള സാധ്യത സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യമേഖല ബാങ്കുകളിലെ ഉടമസ്ഥാവകാശ നിയമങ്ങള്‍ ലഘൂകരിക്കുന്നതിനായി റിസര്‍വ് ബാങ്കിന് (ആര്‍ബിഐ) മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി കൊണ്ടിരിക്കുകയാണ്. സ്വകാര്യമേഖല ബാങ്കുകളില്‍ സര്‍ക്കാര്‍ നിലനിര്‍ത്തേണ്ട ഓഹരി എത്രയാണെന്ന് കണ്ടെത്താന്‍ റിസര്‍വ് ബാങ്കും പ്രധാനമന്ത്രിയുടെ ഓഫീസും ധനമന്ത്രാലയവും ചര്‍ച്ചയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓഹരികളുടെ മൂല്യം എത്രയാണെന്ന് കണക്കാക്കി വരികയാണ്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുടെ ഓഫീസും ആര്‍ബിഐയും ധനമന്ത്രാലയവും നടത്തി എന്നാണ് വിവരം.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഓഹരികളുണ്ടെങ്കില്‍ സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ മടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. സ്വകാര്യ മേഖലയിലെ പ്രമുഖരെ ബാങ്കുകളുടെ ഓഹരികള്‍ വാങ്ങുന്നതിന് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പൂര്‍ണമായും ഓഹരി വില്‍ക്കുന്നത്. ഇന്ത്യന്‍ കമ്പനി നിയമ പ്രകാരം സര്‍ക്കാരിന് 10 ശതമാനം ഓഹരി മാത്രമേയുള്ളൂ എങ്കിലും ബോര്‍ഡ് യോഗം വിളിക്കുന്നതിന് ആവശ്യപ്പെടാന്‍ അധികാരമുണ്ടാകും. സര്‍ക്കാരിന്റെ ഇടപെടലിന് ഇത് വഴിയൊരുക്കും.
കഴിഞ്ഞ ജൂലൈ മുതല്‍ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണ്. ബാങ്കുകളില്‍ സര്‍ക്കാര്‍ ഓഹരികളുണ്ടാകരുതെന്നും നിലവില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓഹരികള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നുമാണ് ചര്‍ച്ചയ്ക്ക് ശേഷമുള്ള നിലപാട്.

